കൊച്ചി: മീറ്റിന്റെ അവസാനദിനം ട്രാക്കില്‍ തീപ്പൊരി വിതറിയ 200 മത്സരങ്ങളിലെ സ്വര്‍ണ്ണം എറണാകുളവും പാലക്കാടും കോഴിക്കോടും പങ്കുവെച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെ ജിസ്ന മാത്യുവും സബ്ജൂനിയര് പെണ്‍കുട്ടികളില്‍ അപര്‍ണ റോയിയും കോഴിക്കോടിന് വേണ്ടി സ്വര്‍ണ്ണം നേടിയപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തിലും എറണാകുളം സ്വര്‍ണ്ണം സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസിലെ എം.എന്‍. നസിമുദ്ദീനും സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാതിരപ്പിള്ളി ഗവ. വിഎച്ച് എസ്എസിലെ എ.എസ്. ഷിജിലും ആതിഥേയര്‍ക്കുവേണ്ടി സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലടി എച്ച്എസിലെ കെ. രംഗയും ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.ജി. രാഖിലും പാലക്കാടിന് വേണ്ടി പൊന്നണിഞ്ഞു.
ആദ്യ മത്സരം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25.69 സെക്കന്റിലാണ് കെ. രംഗ ഫിനിഷ് ചെയ്തത്. പാലക്കാട് പറളിയുടെ വി.വി. ജിഷ 25.78 സെക്കന്റില്‍ വെള്ളിയും കോതമംഗലംമാര്ബേസിലിന്റെ സാന്ദ്ര സത്യന് 25.84 സെക്കന്റില്ഫിനിഷ് ചെയ്ത് വെങ്കലവും കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ നസിമുദ്ദീന് സ്പ്രിന്റ് ഡബിള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 200 മീറ്ററില്‍ 22.20 സെക്കന്റില്‍ പറന്നെത്തി പൊന്നണിഞ്ഞു. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സല്ബിന് ജോസഫ് 22.39 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും മലപ്പുറം പന്തല്ലൂര്‍ എച്ച്എസ്എസിലെ ജിജുലാല്‍. പി. വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 2003ല്‍ കോരുത്തോട് സികെഎംഎച്ച്എസിലെ മറിയ ജെയിംസ് സ്ഥാപിച്ച 25.30 സെക്കന്റ് സമയമാണ് ഉഷ സ്കൂളിലെ ജിസ്ന മാത്യു 25.22 സെക്കന്റാക്കി തിരുത്തിക്കുറിച്ചത്. ഇതേ സ്കൂളിലെ തന്നെ ഷഹര്‍ബാന സിദ്ദീഖിന്റെ വെല്ലുവിളി മറികടന്നാണ് ജിസ്നയുടെ നേട്ടം. 25.97 സെക്കന്‍ഡില്‍ ഓടിയെത്തിയ ഷഹര്‍ബാന വെള്ളിയും പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ അഞ്ജലി ജോണ്സണ് (25.84സെക്കന്‍ഡ്) വെങ്കലവും നേടി. ഇതോടെ ജിസ്ന സ്പ്രിന്റ് ഡബിളും തികച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ വിജയിയെ കണ്ടെത്തിയത് ഫോട്ടോഫിനിഷിലൂടെയാണ്. മലപ്പുറം കരുവാരക്കുണ്ട് ഗവ. എച്ച്എസ്എസിലെ ടി.കെ. സുഫെയ്ദിനെ പിന്തള്ളിയാണ് രാഖില്‍ സ്വര്‍ണ്ണം നേടിയത്. രാഖില്‍ 22.74 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ സുഫെയ്ദ് 22.76 സെക്കന്‍ഡിലാണ് വെള്ളി നേടിയത്. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ടിനു ജെയിംസ് ജോയ് മൂന്നാമതെത്തി. നേരത്തെ രാഖില്‍ 100 മീറ്ററിലും സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 27.36 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അപര്‍ണ റോയ് സ്വര്‍ണ്ണം നേടിയത്. ആലപ്പുഴ ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസിലെ ആദിത്യ. യു വെള്ളിയും കോഴിക്കോട് പൂവമ്പായ് എ എംഎച്ച്എസിലെ ടി. സൂര്യമോള്‍ വെങ്കലവും നേടി. ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ എറണാകുളം മതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ ഷിജില്‍. എ.എസ് 24.60 സെക്കന്റില്‍ ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ ആലപ്പുഴ മുഹമ്മ എബിവിഎച്ച്എസ്എസിലെ രാഹുല്‍ രാജ് കെ.ആര്. 24.92സെക്കന്റില്‍ വെള്ളിയും മലപ്പുറം വെളിമുക്ക് സിആര്എച്ച്എസ് എസിലെ മുഹമ്മദ് മുര്‍ഷിദ് 25.19 സെക്കന്റില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: