ഹോം » പൊതുവാര്‍ത്ത » 

ഗദ്ദാഫിയുടെ മകന്‍ അറസ്റ്റില്‍

August 22, 2011

ദി ഹേഗ്‌: ലിബയന്‍ പ്രസിഡന്റ് മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ്‌ അല്‍ ഇസ്ലാമിനെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അറസ്റ്റു ചെയ്‌തു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സെയ്ഫിനെതിരെ കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

അതിനിടെ ജഡ്ഡായിം പട്ടണം കൂടി പിടിച്ചെടുത്തുകൊണ്ട്‌ സായുധ പ്രക്ഷോഭകര്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്‌ നീങ്ങവേ, ലിബിയയില്‍ അന്തിമ പോരാട്ടത്തിന്‌ കളമൊരുങ്ങി. ട്രിപ്പോളിയില്‍ നിന്ന്‌ 40 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ജഡ്ഡായിം.

പ്രതിരോധത്തിലായ ഗദ്ദാഫി രഹസ്യ കേന്ദ്രത്തിലേക്കു മാറിയെന്നു റിപ്പോര്‍ട്ട്. അന്തിമ പോരാട്ടത്തിനു തയാറെടുക്കാന്‍ ഗദ്ദാഫി ശബ്ദ സന്ദേശത്തില്‍ അനുയായികളോട് ആവശ്യപ്പെട്ടു. ട്രിപ്പോളിയില്‍ കടക്കുന്ന പ്രക്ഷോഭകരെ ഉന്മൂലനം ചെയ്യുമെന്ന്‌ ഭരണാധികാരിയായ കേണല്‍ ഗദ്ദാഫി പ്രഖ്യാപിച്ചിട്ടുണ്ട്‌. ട്രിപ്പോളിയുടെ കിഴക്കുള്ള ജഡ്ഡായിം പിടിച്ചതുപോലെ തന്നെ പടിഞ്ഞാറുള്ള സില്‍ട്ടാന്‍ പട്ടണവും പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞു.

പക്ഷേ, ട്രിപ്പോളിയിലെ ചില ഭാഗങ്ങളില്‍ പോലും കലാപം പൊട്ടിപ്പുറപ്പെട്ടതായാണ്‌ സൂചന. ശനിയാഴ്ച രാത്രി കനത്ത തോതില്‍ വെടിവയ്‌പുണ്ടായി. ഇന്നലെ രാവിലെ പലതവണ സ്ഫോടന ശബ്‌ദം കേട്ടു. അതേ സമയം വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയാറെന്നു ലിബിയന്‍ സര്‍ക്കാര്‍ വിമതരെ അറിയിച്ചു.

പോരാട്ടത്തില്‍ ആയിരത്തോളം പേര്‍ മരിച്ചെന്നു ഗദ്ദാഫിയുടെ വക്താവ് അറിയിച്ചു. നാറ്റോയുടെ സംരക്ഷണയിലാണ് വിമതര്‍ പോരാടുന്നത്. ഇതു നിരപരാധികളുടെ മരണത്തിലാണ് കലാശിക്കുന്നത്. ഈ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ബരാക് ഒബാമയും, ഡേവിഡ് കാമറൂണും നിക്കൊളാസ് സര്‍ക്കോസിയുമാണ്. ട്രിപ്പോളി വിട്ടുനല്‍കില്ലെന്നും സൈന്യം അതീവ ശക്തമാണെന്നും വക്താവ് അറിയിച്ചു.

Related News from Archive

Editor's Pick