ഹോം » പൊതുവാര്‍ത്ത » 

ഹസാരെയുടെ സമരം ഏഴാം ദിനത്തിലേക്ക്; ചര്‍ച്ചകള്‍ തുടരുന്നു

August 22, 2011

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകളൊന്നും ഇതുവരെ വിജയത്തില്‍ എത്തിയിട്ടില്ല. ഹസാരെയ്ക്ക് പിന്തുണയുമായി ആയിരങ്ങളാണ് രാം‌ലീല മൈതാനിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

അണ്ണാ ഹസാരെയെ രാവിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഹസാരെയുടെ ആഹ്വാനപ്രകാരം കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ വീടുകളുടെ മുന്നില്‍ അനുയായികള്‍ പ്രകടനം നടത്തുകയാണ്.

അന്നാഹസാരെ സംഘത്തെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി കപില്‍ സിബലുമായി ഭയ്യു മഹാരാജും ഉമേഷ്‌ സാരംഗിയും മധ്യസ്ഥചര്‍ച്ച നടത്തി. ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഹസാരെയോട്‌ അധികസമയം ആവശ്യപ്പെട്ടേക്കും. ആദ്യം നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖും പങ്കെടുത്തിരുന്നു.

എന്നാല്‍ അന്നാ ഹസാരെ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായതായി റിപ്പോര്‍ട്ടുകളില്ല. മധ്യസ്ഥ ചര്‍ച്ചകള്‍ ഇന്നും തുടരും. ഹസാരെയുടെ നിരാഹാര സമരത്തിന്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ഒരു സംഘം ഇന്ത്യക്കാര്‍ ലണ്ടനില്‍ രംഗത്തെത്തി. സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അംഗീകരിക്കുന്നത്‌ വരെ ഹസാരെ പിന്തുണച്ചുകൊണ്ട്‌ സമരയുദ്ധം തുടരുമെന്നും ഹസാരെ വാദികള്‍ പറഞ്ഞു.

Related News from Archive
Editor's Pick