ഹോം » പൊതുവാര്‍ത്ത » 

എഞ്ചിനീയറിങ് അലോട്ട്മെന്റ് തുടരാന്‍ അനുമതി

August 22, 2011

കൊച്ചി: എഞ്ചിനീയറിങ് അലോട്ട്‌മെന്റ് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. അലോട്ട്‌മെന്റ് തടഞ്ഞത് പിന്‍‌വലിക്കണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് നടപടി. മാര്‍ക്ക് ഏകീകരണത്തിലെ അപകാതകള്‍ മൂലം പ്രവേശന പരീക്ഷാ മാര്‍ക്ക് ലിസ്റ്റില്‍ സി.ബി.സി വിദ്യാര്‍ത്ഥികള്‍ എറെ പിന്നോട്ടുപോയെന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അലോട്ട്‌മെന്റ് തടഞ്ഞത്.

എന്നാല്‍ എ.ഐ.സി.ടി.ഇയുടെ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് ലിസ്റ്റ് തയാറാക്കിതയതെന്നും നടപടിക്രമങ്ങളില്‍ യാതൊരു അപാകതയും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനകം നാല്‍പ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സ്വീകരിച്ചു കഴിഞ്ഞു. 16,877 പേര്‍ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ അലോട്ട്‌മെന്റ് തടഞ്ഞാല്‍ പ്രവേശനം ആകെ താറുമാറാകും.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യം കൂടിയായതിനാല്‍ അലോട്ട്‌മെന്റ് തടഞ്ഞ നടപടി പിന്‍‌വലിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.ജനറല്‍ കെ.പി ദണ്ഡപാണി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. ഹര്‍ജിക്കാരനായ സോഹന്‍ വര്‍ഗീസിന്റെ മകന്‍ ഇതുവരെ ഓപ്ഷന്‍ പോലും നല്‍കിയിട്ടില്ലെന്നും ഒരു സ്വാശ്രയ കോളേജില്‍ പ്രവേശാനം തേടിയതായും കോടതി ചൂണ്ടിക്കാട്ടി.

സ്വന്തം ഭാവി സുരക്ഷിതമാക്കുകയും മറ്റ് വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്നതിന് സമമാണ് ഹര്‍ജിക്കാരന്റെ നടപടിയെന്നും കോടതി കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick