മുന്‍ മന്ത്രി സുജനപാല്‍ അന്തരിച്ചു

Thursday 23 June 2011 10:24 am IST

കോഴിക്കോട്‌: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന എ സുജനപാല്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.
1949 ഫെബ്രുവരി ഒന്നിന്‌ കോഴിക്കോടായിരുന്നു സുജനപാലിന്റെ ജനനം. പഠനകാലത്ത്‌ കെ.എസ്‌.യുവിലൂടെ രാഷ്ട്രീയ ജീവിതത്തില്‍ സജീവമായ എ. സുജനപാല്‍ പിന്നീട്‌ യൂത്തു കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന ഭാരവാഹിയായിരുന്നു.
1991-ല്‍ കേരള നിയമസഭയിലേക്ക്‌ തെര ഞ്ഞെടുക്കപ്പെട്ട സുജനപാല്‍ 2001ലും നിയമസഭാംഗമായി. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംവകുപ്പ്‌ മന്ത്രിയായിരുന്നു. രണ്ടു തവണ ലോകസഭയിലേക്കും മത്സരിച്ചിട്ടുണ്ട്‌.
സാംസ്കാരിക രംഗത്തും സജീവമായിരുന്ന സുജനപാല്‍ നിരവധി കലാസാഹിത്യ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായിരുന്നു. പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. കോളേജ്‌ അധ്യാപികയായിരുന്ന ജയശ്രീയാണ്‌ ഭാര്യ. മനു, അമൃത എന്നിവര്‍ മക്കളാണ്‌.