ആഡംബരകാറുകള്‍ വാടകക്കെടുത്ത്‌ വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Monday 22 August 2011 10:09 pm IST

ചാലക്കുടി : ആഡംബര കാറുകള്‍ വാടകക്കെടുത്ത്‌ സ്പിരിറ്റ്‌ ലോബിക്ക്‌ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തുവരുന്ന സംഘത്തിലെ പ്രധാന പ്രതികളെ ചാലക്കുടി എസ്‌ഐ പി.ലാല്‍കുമാറും സംഘവും ചേര്‍ന്ന്‌ പാലക്കാട്‌ നിന്ന്‌ അറസ്റ്റ്‌ ചെയ്തു. ആലുവ തുരുത്ത്‌ സ്വദേശി ബാരിക്കാട്ടില്‍ സദ്ദാംഹുസൈന്‍ (21) മലപ്പുറം അരിക്കോട്‌ ചക്കിങ്ങല്‍ അബ്ദുള്ളയുടെ മകന്‍ മാനുവല്‍ ഹക്കിം (32) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഒന്നര മാസം മുമ്പ്‌ പരിയാരം സ്വദേശി കാച്ചാപ്പിള്ളി നൈജുവിന്റെ 8ലക്ഷം വിലവരുന്ന ഇന്നോവകാര്‍ വാടകക്ക്‌ എടുത്ത്‌ പാലക്കാട്ടുള്ള ഫിറോസ്‌ എന്നയാള്‍ക്ക്‌ 1.40ലക്ഷം രൂപക്ക്‌ പണയപ്പെടുത്തി.
മൂന്ന്‌ ആഴ്ച മുമ്പ്‌ മോതിരക്കണ്ണി വെളിയത്ത്‌ പറമ്പില്‍ മുകുന്ദന്‍ എന്നയാളുടെ സ്കോര്‍പിയോ,ഇന്റിക്ക എന്നിവ വാടകക്ക്‌ എടുക്കുകയും പണയപ്പെടുത്തിയതിനുശേഷം മുങ്ങി മറ്റൊരു വണ്ടിക്കുള്ള ശ്രമത്തിനിടയിലാണ്‌ പ്രതികള്‍ പോലീസിന്റെ കൈയില്‍ അകപ്പെട്ടത്‌. ഇന്നോവ കാര്‍ തിരുവനന്തപുരത്ത്‌ നിന്നും, കണ്ടെത്തി മറ്റൊരു വാഹനം എവിടെയുണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ അന്വേഷണ സംഘം വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പോയിരിക്കുകയാണ്‌. എഎസ്‌ഐ ശശീന്ദ്രന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വി.ജി.സ്റ്റീഫന്‍, പി.പി.ജയകൃഷ്ണന്‍, സി.വി.ഡേവീസ്‌, സി.ബി.ഷെറിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ കസ്റ്റഡിയിലെടുത്തത്‌.
ഏകദേശം മുപ്പതില്‍പ്പരം വാഹനങ്ങള്‍ ഇവര്‍ പണയപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്തു.