ഹോം » പൊതുവാര്‍ത്ത » 

ഗദ്ദാഫി വീഴുന്നു

August 22, 2011

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിക്ക്‌ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്‌ വിമതസേന രാജ്യ തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആറു മാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഇതാദ്യമായാണ്‌ വിമതര്‍ ട്രിപ്പോളിയിലേക്ക്‌ കടക്കുന്നത്‌. നാല്‍പ്പത്‌ വര്‍ഷത്തിലേറെ ലിബിയയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിക്ക്‌ ഉടന്‍തന്നെ അധികാരമൊഴിയേണ്ടിവരുമെന്നാണ്‌ സൂചന. ഗദ്ദാഫിയുടെ കൊട്ടാരസമുച്ചയത്തിന്‌ നേര്‍ക്ക്‌ വിമതര്‍ ശക്തമായ ആക്രമണം തുടരുന്നതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ ഗദ്ദാഫിയുടെ രണ്ട്‌ മക്കള്‍ വിമതരുടെ പിടിയിലായതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഗദ്ദാഫി എവിടെയാണെന്നുള്ള കാര്യത്തില്‍ അവ്യക്തത തുടരുകയാണെന്ന്‌ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ലിബിയയെ മറ്റൊരു ബാഗ്ദാദാക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള ഗദ്ദാഫിയുടെ ശബ്ദസന്ദേശം ലിബിയന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്‌. കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ട്രിപ്പോളി പിടിച്ചെടുത്ത വിമതസൈന്യം ഗദ്ദാഫിയുടെ ഭരണകേന്ദ്രങ്ങള്‍ ഓരോന്നായി തകര്‍ത്തു. നാറ്റോ പിന്തുണയോടുകൂടിയാണ്‌ വിമതര്‍ മുന്നേറുന്നത്‌. ഗദ്ദാഫിയുടെ വസതി ഉള്‍പ്പെടുന്ന ബാബുല്‍ അസീസിയെ കോമ്പൗണ്ടില്‍ വിമതര്‍ പ്രവേശിച്ച്‌ നിയന്ത്രണമേറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌. ട്രിപ്പോളിക്ക്‌ ചുറ്റുമുള്ള നാമമാത്രമായ പ്രദേശങ്ങളുടെ നിയന്ത്രണം മാത്രമാണ്‌ ലിബിയന്‍ അധികൃതരില്‍ അവശേഷിക്കുന്നത്‌.
ട്രിപ്പോളി വിട്ടുപോയ ഗദ്ദാഫിക്ക്‌ ഇനി തിരിച്ചുവരാനാകില്ലെന്നും ഇദ്ദേഹത്തിന്റെ ഭരണം അവസാനിച്ചെന്നുമാണ്‌ ബ്രിട്ടണ്‍ സംഭവത്തോട്‌ പ്രതികരിച്ചത്‌. ഇതോടൊപ്പം ഗദ്ദാഫിക്ക്‌ ഇനി അധികാരത്തില്‍ തുടരാനാകില്ലെന്നും വിമതര്‍ അവിടെ ചരിത്രപ്രധാനമായ വിജയം കൈവരിച്ചതായും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. ലിബിയന്‍ വിമതര്‍ക്ക്‌ പിന്തുണയുമായി ചൈനയും ഇതിനിടെ രംഗത്തെത്തി. ലിബിയന്‍ ജനതയുടെ ഉറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, അവിടെ ഭരണസ്ഥിരത വരണമെന്നതാണ്‌ ആഗ്രഹമെന്നും ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതേസമയം ഗദ്ദാഫി സ്ഥാനമൊഴിയണമോ എന്ന ചോദ്യത്തോട്‌ ചൈനീസ്‌ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളായ സില്‍ട്ടാന്‍, സാവിയ, ബ്രേഗ, ബെങ്കാസി എന്നിവ പിടിച്ചടക്കിയതിന്‌ പിന്നാലെയാണ്‌ വിമതര്‍ ട്രിപ്പോളിയിലേക്കും കടന്നത്‌.

Related News from Archive
Editor's Pick