ഹോം » പൊതുവാര്‍ത്ത » 

ലോക്‌പാല്‍: സര്‍വകക്ഷി യോഗം വിളിച്ചു

August 23, 2011

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ടു 3.30നാണു യോഗം. രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്രം അറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.

ബില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദല്‍ഹിയിലെ രാംലീല മൈതാനത്ത്‌ അന്നാ ഹസാരെ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്‌ കടക്കുന്നതിനിടെയാണ്‌ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറായത്‌. ഹസാരെയുടെ സമരം പരിഹരിക്കാന്‍ വേണ്ട ചര്‍ച്ചകളും നടത്തും. എന്നാല്‍ സമരം സംബന്ധിച്ചു പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയാറായില്ല.

പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിഷേക് മനു സിങ് വിയുമായി പ്രധാനമന്ത്രി രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌പാല്‍ ബില്‍ സംബന്ധിച്ച്‌ അഭിപ്രായമുള്ളവര്‍ അത്‌ അറിയിക്കണമെന്ന്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി രണ്ടു ദിവസം മുമ്പ്‌ നിര്‍ദ്ദേശിച്ചിരുന്നു.

ബില്‍ രൂപീകരണത്തിന്‌ മുമ്പ്‌ സര്‍വകക്ഷി യോഗം വിളിച്ച്‌ അഭിപ്രായ സമന്വയം കണ്ടെത്തണമെന്ന്‌ ഹസാരെ സംഘം നേരത്തെ തന്നെ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം അണ്ണാ ഹസാരെയുടെ നിരാഹാരം എട്ടാം ദിവസത്തേക്കു കടന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നു ഹസാരെ സംഘം അറിയിച്ചു.

വിവിധ തലങ്ങളിലായി ഹസാരെയുമായി ചര്‍ച്ചയ്ക്കു ശ്രമം തുടങ്ങിയെന്ന പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്താവന ശരിയല്ലെന്നും സംഘം വ്യക്തമാക്കി.

Related News from Archive
Editor's Pick