ഹോം » ലോകം » 

സ്ട്രോസ്ഖാന്‍ നിരപരാധിയെന്ന്‌

August 23, 2011

വാഷിംഗ്ടണ്‍: മുന്‍ ഐഎംഎഫ്‌ ഡയറക്ടര്‍ ഡൊമിനിക്‌ സ്ട്രോസ്ഖാനെതിരായ അപവാദ കേസ്‌ ഉപേക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ജഡ്ജിയോട്‌ അഭ്യര്‍ത്ഥിച്ചു. സംശയമെന്നതിനപ്പുറം ഖാന്റെ കുറ്റം ബോധ്യപ്പെട്ടിട്ടില്ലെന്ന്‌ അവര്‍ അറിയിച്ചു. നഫീസത്തു ഡിയാലോ എന്ന ഹോട്ടല്‍ ജീവനക്കാരിയോട്‌ അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്‌. ഇതുപ്രകാരം 62 വയസ്സുള്ള സ്ട്രോസ്ഖാനെ മെയ്‌ മാസത്തില്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ചെറുതും വലുതമായ കാര്യങ്ങളില്‍ സ്ട്രോസ്ഖാന്‍ വിശ്വസ്തനായിരുന്നുവെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജിയെ അറിയിച്ചു. അടുത്ത ദിവസം ജഡ്ജി ഈ കേസില്‍ വിധി പറയും.
കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സ്ട്രോസ്ഖാനെതിരെ തങ്ങള്‍ കണ്ടെത്തിയ വിവരങ്ങളും അതിനെക്കുറിച്ച്‌ ഉണ്ടായ സംശയങ്ങളും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. ശാസ്ത്രീയവും ശാരീരികവുമായ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാരുമായി അപമര്യാദ കാട്ടിയെന്നു തെളിയുന്നു. പക്ഷേ അത്‌ നിര്‍ബന്ധിതമായിരുന്നുവെന്ന അവരുടെ വാദത്തെ സ്ഥിരീകരിക്കാനാവില്ലെന്നും കേസ്‌ ഫയല്‍ വിശദീകരിക്കുന്നു. അവരുടെ വിശ്വാസ്യതയെക്കുറിച്ചും സംശയമുണ്ട്‌. സംഭാഷണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും പ്രസ്താവനയെക്കുറിച്ചും സംശയമുണ്ടെന്ന്‌ പ്രോസിക്യൂട്ടര്‍മാരുടെ അനുമാനത്തോടെ കേസ്‌ കെട്ടിച്ചമച്ചതാണെന്ന സംശയമുയരുന്നു.
സ്ട്രോസ്ഖാന്റെ സമ്പത്തിനെക്കുറിച്ച്‌ തന്റെ ജയിലിലുള്ള സ്നേഹിതയുമായി ഡയാലോ സംഭാഷണം നടത്തിയിരുന്നു. അതുകൊണ്ട്‌ സാമ്പത്തിക ലാഭം ലാക്കാക്കിയാണ്‌ ഈ കേസ്‌ കൊണ്ടുവന്നതെന്നു കരുതപ്പെടുന്നു. ഡയാലോ ടാക്സ്‌ രേഖകളില്‍ കണിശത പുലര്‍ത്തിയിരുന്നില്ലെന്നും താന്‍ ഒരു കൂട്ട ബലാല്‍സംഗത്തിന്‌ ഗിനിയയില്‍ വിധേയയായി എന്നുകാട്ടി സമര്‍പ്പിച്ച അപേക്ഷയിലും അവര്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ട്‌. ആയതിനാല്‍ അവരുടെ കഥ കെട്ടിച്ചമച്ചതാകാനുള്ള സാധ്യതകളേറെയാണ്‌.
ഈ കേസില്‍ മാന്‍ഹാട്ടന്‍ ജില്ല അറ്റോര്‍ണി ഇത്തരം കേസുകളില്‍ ഒരു സ്ത്രീക്ക്‌ കിട്ടേണ്ട പരിരക്ഷ നിരസിക്കുകയാണെന്നും മെഡിക്കല്‍, ഫോറന്‍സിക്‌ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ അദ്ദേഹം കണക്കിലെടുക്കുന്നില്ലെന്നും ഡയാലോയുടെ അഭിഭാഷകന്‍ കെന്നത്ത്‌ ചൂണ്ടിക്കാട്ടി. മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട്‌ അറ്റോര്‍ണി സൈറസ്‌ വാന്‍സിനെ ഈ കേസില്‍നിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡയലോയുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. വാന്‍സിന്റെ ഓഫീസില്‍നിന്ന്‌ ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങല്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തതായാണ്‌ ആരോപണം.

Related News from Archive
Editor's Pick