കാര്‍ഷികരംഗത്തും കൊച്ചിയെ ദേശീയ ശ്രദ്ധയിലെത്തിക്കണം: മന്ത്രി കെ.ബാബു

Tuesday 23 August 2011 10:48 pm IST

കൊച്ചി: തുറമുഖാധിഷ്ഠിത വ്യവസായങ്ങളുടെയും ഐ.ടിയുടെയും കേന്ദ്രമായി വികസിക്കുന്ന കൊച്ചിയെ കാര്‍ഷികരംഗത്തും ദേശീയശ്രദ്ധയിലെത്തിക്കുകയാണ്‌ ഹരിതോത്സവം കാര്‍ഷികമേളയുടെ ലക്ഷ്യമെന്ന്‌ സംസ്ഥാന മന്ത്രി കെ. ബാബു. കൊച്ചി തുറമുഖവും നെടുമ്പാശ്ശേരി വിമാനത്താവളവും കേന്ദ്രീകരിച്ച്‌ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മരട്‌ കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ സെപ്തംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടക്കുന്ന ഹരിതോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഹരിതോത്സവം ഇനി മുതല്‍ എല്ലാ വര്‍ഷവും മരട്‌ കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ നടത്തുന്നതിനാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്‌. ഇതിനായി പ്രത്യേക സൊസൈറ്റിക്ക്‌ രൂപം നല്‍കും. സൊസൈറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 25 ലക്ഷം രൂപ അനുവദിച്ചു കൊണ്ട്‌ സര്‍ക്കാരിന്റെ ഉത്തരവ്‌ ഉടനെയുണ്ടാകുമെന്നും ബാബു അറിയിച്ചു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെയും വിവിധ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെയും പിന്തുണ ഹരിതോത്സവത്തെ വന്‍ വിജയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ അധ്യക്ഷനായിരുന്നു. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. സുധാംബിക, കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജെ. ജോസഫ്‌, മരട്‌ നഗരസഭാ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ മജീദ്‌, ജില്ലാ കളക്ടര്‍ ഷെയ്ഖ്‌ പരീത്‌, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആഷാദേവി വര്‍മ എന്നിവര്‍ പങ്കെടുത്തു.
സെപ്തംബര്‍ മൂന്നിന്‌ വൈകിട്ട്‌ നാലിന്‌ കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവാര്‍ ഹരിതോത്സവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.പി. മോഹനന്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ടി.എം. ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹരിതോത്സവത്തിന്റെ രണ്ടാം പതിപ്പാണ്‌ ഇക്കുറി നടക്കുന്നത്‌. ആദ്യത്തെ ഹരിതോത്സവത്തിനും ആതിഥ്യമരുളിയത്‌ മരടിലെ കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രമാണ്‌. നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബോര്‍ഡ്‌, വിവിധ ഉല്‍പ്പന്ന ബോര്‍ഡുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വളം - വിത്ത്‌ ഉല്‍പാദന കമ്പനികള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, അനുബന്ധ മേഖലകള്‍ എന്നിവ അഞ്ചു ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കും.
കര്‍ഷകരും ഉപഭോക്താക്കളും തമ്മിലുള്ള പരസ്പരവിനിമയത്തിന്റെ വേദിയാകുന്ന ഹരിതോത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും അണിനിരത്തും. ഇവ താങ്ങാവുന്ന നിരക്കില്‍ വാങ്ങാനും സന്ദര്‍ശകര്‍ക്ക്‌ അവസരം ലഭിക്കും. തീം പവലിയനുകള്‍, കാര്‍ഷിക സെമിനാര്‍, കര്‍ഷക സംഗമം, അലങ്കാര മത്സ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌.
ഓണത്തിന്‌ തൊട്ടുമുമ്പായി സംഘടിപ്പിക്കുന്ന മേളയില്‍ വെജിറ്റേറിയന്‍ ഭക്ഷ്യമേള, ഡസര്‍ട്ട്‌ മേള, വെജിറ്റബ്ല് കാര്‍വിങ്‌, ഫ്രൂട്ട്‌ ഡിസ്പ്ലെ മത്സരം സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കാനായി സംഘടിപ്പിക്കുന്നുണ്ട്‌.