ഹോം » പൊതുവാര്‍ത്ത » 

ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ആയിരം കോടി കടമെടുത്തു

August 24, 2011

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തു. റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇതിനുള്ള കടപത്രങ്ങളുടെ വില്‍പ്പന നടന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഓഗസ്റ്റില്‍ പണം തിരിച്ചു നല്‍കേണ്ട കടപത്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കടപത്രങ്ങള്‍ പുറപ്പെടുവിച്ചതെങ്കിലും ബോണസ് അടക്കമുള്ള ഓണക്കാലത്തെ ഭാരിച്ച ചെലവുകള്‍ക്കായാണ് കടമെടുക്കല്‍. ബോണസിന് പുറമേ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് നല്‍കേണ്ടതുണ്ട്. ഓണത്തിന് മുന്നോടിയായി ട്രഷറികളിലും ബില്ലുകള്‍ മാറാനുള്ള തിരക്ക് കൂടും.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വായ്പാ പരിധിയില്‍ നിന്നാണ് കടമെടുക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തുക കടമെടുക്കുന്നത്. കേരളം കടക്കെണിയിലാണെന്നും അല്ലെന്നുമുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് കടമെടുക്കല്‍ നടന്നിരിക്കുന്നത്.

വില്‍പ്പന നികുതി, സേവന നികുതി, മോട്ടോര്‍വാഹന നികുതി എന്നിവയിലുണ്ടായ കുറവാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്കു നയിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ ലോറി പണിമുടക്ക് തുടങ്ങിയതോടെ നികുതി വരവില്‍ കാര്യമായ കുറവുണ്ടായി. സ്വര്‍ണത്തിന് വില വര്‍ദ്ധിച്ചെങ്കിലും കോംപൗണ്ടിങ് നികുതി സമ്പ്രദായമായതു കൊണ്ടു ഈ ഇനത്തില്‍ നിന്നും ഇതുവരെ കാര്യമായ ഗുണമുണ്ടായില്ല.

Related News from Archive
Editor's Pick