ഹോം » വിചാരം » 

പൊയ്ക്കോ സ്വിസ്സുബാങ്കിനു മുമ്പിലെങ്ങാനും

August 24, 2011

അഴിമതിക്കെതിരെ കുറെ സന്യാസിമാരും ഗാന്ധിയന്മാരും കൂടി സമരം! വേറെ പണിയില്ലേ ഇവറ്റുകള്‍ക്ക്‌? കോടതി പറഞ്ഞിട്ടും അനങ്ങാത്തവരെ അനക്കാനോ കാവിപ്പട.
ഭൂരിപക്ഷ വര്‍ഗ്ഗീയ സംഘങ്ങളൊക്കെ ഇങ്ങനെ അഴിമതിക്കെതിരെ ഇറങ്ങി പുറപ്പെട്ടാല്‍ എന്തു ചെയ്യും? ജനാധിപത്യത്തെ മുന്‍മുള്‍നയില്‍ നിര്‍ത്തുകയല്ലേ നാശങ്ങള്‍!
പാവം കോണ്‍ഗ്രസുകാരുടെ നാവുകള്‍ക്കു ഇങ്ങനെ വ്യായാമം ഉണ്ടാക്കുവാന്‍ എന്തിനാ ദൈവമേ ഈ ശല്യങ്ങളെ ഇങ്ങനെ സൃഷ്ടിച്ചത്‌?
യുപിഎ എന്നു പറഞ്ഞാല്‍ എന്തുവാന്നാ ഇതുകളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്‌? ഇതുപോലൊരു അമൃതകുംഭം വേറെയുണ്ടോ? അമൃത കുംഭം..! കനിമൊഴിയും മാരനും, രാജയും കല്‍മാഡിയായുമൊക്കെ ഈ കുടത്തിലെ സുധാരസമല്ലേ!
ഇന്ത്യക്കാര്‍ക്ക്‌ താജ്മഹല്‍ കഴിഞ്ഞാല്‍ ഏറ്റവും മനോഹരവും ഹൃദ്യവുമായ ഒരനുഭവമാണ്‌ നമ്മുടെ യുപിഎ മുന്നണി പ്രത്യേകിച്ച്‌ അതിലെ എംപിമാര്‍.
ഈ മുന്നണി അധികാരത്തിലെത്തിയാല്‍ പിന്നെ നമ്മുടെ കോടതികള്‍ക്കു തിരക്കു തന്നെ തിരക്ക്‌. ജാമ്യം, മൂന്‍കൂര്‍ ജാമ്യം, അവധിയ്ക്കപേക്ഷ എന്നിവയ്ക്കായി എംപിമാരും മന്ത്രിമാരും നേതാക്കളും കോടതികള്‍ തോറും നിന്ന്‌ കാലുകഴക്കുകയാണ്‌. സന്യാസിമാരും ഗാന്ധിമാരും അഴിമതിക്കെതിരെ പോരാട്ടത്തിനൊരുമ്പോള്‍ ഒരു സംശയം. ഇവരെയുള്ളോ ഇതിനൊക്കൊ? പ്രതിപക്ഷമോ വലതിടതന്മാരോ ആരുമില്ലേ ഒന്നു നിരാഹാരമിരിയ്ക്കാനെങ്കിലും.
സ്വസ്സ്‌ ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ച്‌ ആരാഞ്ഞാരാഞ്ഞ്‌ കോടതിയും തോറ്റു.
കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആവില്ലെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. അതിനെ പറ്റി ഒരു മന്ത്രിയ്ക്കും സെക്രട്ടറിയ്ക്കുമില്ല വാര്‍ത്തയും സമ്മേളനവും. ഹസാരേയേയും രാംദേവിനേയും പോലെ അഴിമതിക്കെതിരെ ആരെങ്കിലും വന്നാല്‍ ഉടനെ വരും ജയന്തിയും ദിഗവിജയും കപിലും ചിദംബരവുമൊക്കെ തിരുമൊഴിയുമായി. അതുകൊണ്ടാവും ജയന്തിയ്ക്കു വനവും പരിസ്ഥിതിയും നല്‍കിയിരിക്കുന്നത്‌. പരിസരമാകെ വനമാക്കാമെന്ന്‌ വക്താവായിരുന്ന ജയന്തി തെളിയിച്ചതല്ലേ!
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഇടതന്മാര്‍ക്കു ശബ്ദമില്ല?
ഈ സമരങ്ങളോടെന്തേ കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇത്ര വെറുപ്പും കോപവും?
പോലീസിനെ വിട്ട്‌ സമരക്കാരെ തല്ലിയോടിക്കുന്നു. സമരം നിരോധിക്കുന്നു. പലതരത്തിലുള്ള നാടകങ്ങള്‍ നടത്തി സമരക്കാരുടെ ആവശ്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നു. (ദ്വിവേദിയുടെ മേല്‍ ആക്രമണത്തിനെത്തുന്നത്‌ ഒരു നടനും അതിലെ കഥ, അതൊരു കോണ്‍ഗ്രസ്സു വീരഗാഥയുമല്ലേ.)
ഇതെന്തേ അടിയന്തരാവസ്ഥക്കാലമോ?
‘സമരം ചെയ്യാനുള്ള സ്ഥലമല്ല ഇന്ത്യയുടെ തലസ്ഥാനം’ എന്നു പ്രഖ്യാപിക്കാന്‍ ധൈര്യം കാട്ടുന്ന കോണ്‍ഗ്രസ്സുപുങ്കവന്മാരെ എന്തുപേരിട്ടാണ്‌ വിളിക്കേണ്ടത്‌. ഇന്ത്യക്കാര്‍ ഇവിടല്ലാതെ മേറ്റ്വിടെപ്പോയി സമരം ചെയ്യണം? ഇറ്റലിയിലോ.
ഫ്യൂഡലിസ്സത്തിന്റേയും പ്രമാണിത്തത്തിന്റേയും ഭാഷയും മനോഭാവവുമാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്കിപ്പോഴും. അതിനു ചേരുന്ന ഒരു സംവിധാനമാണ്‌ യുപിഎ എന്ന മൂച്ചീട്ടുകളി സംഘം. ജനകീയ പ്രശ്നങ്ങളോട്‌ താല്‍പര്യമില്ലാത്ത രാഷ്ട്രീയ മുന്നണി…
ജനങ്ങളെ കൊന്നൊടുക്കുന്ന മാരക വിഷമായ എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്ന, ബ്രാന്‍ഡ്‌ അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഒരു കൃഷിമന്ത്രിയെ വെച്ചു വാഴിക്കാന്‍ യുപിഎ പോലൊരു സംവിധാനത്തിനെ ആവൂ…
അഴിമതിസമരത്തില്‍ ജാതി തിരുകിക്കയറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്‌ കോണ്‍ഗ്രസും യുപിഎയയും കേന്ദ്രസര്‍ക്കാരും പയറ്റുന്നത്‌. ബ്രിട്ടീഷുകാരുടെ ആ പഴയ തന്ത്രം, ഭിന്നിപ്പിക്കുക!
കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയും ഒന്നുംമിണ്ടാതെ ഒളിച്ചുകളിക്കുകയാണ്‌ സ്വയം പ്രഖ്യാപിത ന്യൂനപക്ഷ- ദളിത്‌ നേതാക്കന്മാര്‍!
പാര്‍ലമെന്റ്‌ ആക്രമണത്തിലെ പ്രതികള്‍ക്കുവേണ്ടി സമരത്തിനും മറ്റും രാജ്യത്തിന്റെ തലസ്ഥാനത്ത്‌ സ്ഥലമുണ്ട്‌! പൊതുമുതല്‍ കൊള്ളയടിച്ചു രാജ്യത്തിന്റെ സമ്പത്ത്‌ അന്യരാജത്തു കൊണ്ട്‌ ഒളിപ്പിക്കുന്ന രാജ്യദ്രോഹികള്‍ക്കെതിരെ മിണ്ടാനും ഒത്തുകൂടാനും ദല്‍ഹിയില്‍ സ്ഥലമില്ല കേട്ടോ.
പെണ്ണുക്കര രാധാകൃഷ്ണന്‍

Related News from Archive
Editor's Pick