ഹോം » പൊതുവാര്‍ത്ത » 

മന്‍മോഹനെ സാക്ഷിയാക്കണമെന്ന്‌ രാജയും

August 24, 2011

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന്‌ ജയിലിലടക്കപ്പെട്ട മുന്‍ ടെലികോംമന്ത്രി എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മന്‍മോഹന്‍സിംഗിനെ കോടതി കയറ്റുമെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി മുന്നറിയിപ്പ്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ രാജയുടെ ഭീഷണിയും.
വിവാദമായ 2 ജി സ്പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങളറിയാന്‍ പ്രധാനമന്ത്രിയെയും അന്ന്‌ ധനമന്ത്രിയായിരുന്ന പി. ചിദംബരം, കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍ എന്നിവരെയും കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന്‌ രാജക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഖജനാവിന്‌ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ സ്ഥാപിക്കപ്പെട്ടാല്‍ സ്പെക്ട്രം ഇടപാടിലെ വഞ്ചനാ, ഗൂഢാലോചന കേസുകളെല്ലാം അപ്രസക്തമാകുമെന്നാണ്‌ രാജയുടെ നിലപാട്‌. ഇത്‌ സഥാപിച്ചെടുക്കാന്‍ മന്‍മോഹന്‍സിംഗിനും മറ്റ്‌ രണ്ട്‌ മന്ത്രിമാര്‍ക്കും കഴിയുമെന്നാണ്‌ അദ്ദേഹത്തിന്റെ അവകാശവാദം. സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ചിദംബരത്തിന്റെയും അറിവോടെയായിരുന്നുവെന്ന്‌ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ആവശ്യവുമായി രാജയും കനിമൊഴിയും രംഗത്തുവന്നതോടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വെട്ടിലായിരിക്കുകയാണ്‌.
സ്വാന്‍ ടെലികോമിന്റെയും യൂണിടെക്‌ (തമിഴ്‌നാട്‌) വയര്‍ലെസിന്റെയും ഓഹരികള്‍ ദുബായ്‌ ആസ്ഥാനമായ എത്തിസലാത്തിനും നോര്‍വെയിലെ ടെലിനോറിനും വിറ്റതില്‍ ക്രിമിനല്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ രാജ അവകാശപ്പെട്ടു. ലൈസന്‍സുകള്‍ വിറ്റിട്ടില്ല, 74 ശതമാനമെന്ന പരിധിക്കുള്ളിലാണ്‌ ഓഹരി വില്‍പ്പന നടന്നിട്ടുള്ളത്‌. ഈ ഇടപാടുകള്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ്‌ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെലികോം മേഖലയിലെ വമ്പന്മാരെ അലോസരപ്പെടുത്തിയതിന്റെ വിലയാണ്‌ രാജ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന്‌ ആരുടെയും പേരെടുത്തുപറയാതെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ പേരില്‍ ഖജനാവിന്‌ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ പാര്‍ലമെന്റില്‍ മന്‍മോഹന്‍സിംഗ്‌ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തെ വിളിച്ചുവരുത്തണമെന്ന്‌ രാജയും കനിമൊഴിയും ആവശ്യപ്പെട്ടിരിക്കുന്നത്‌

Related News from Archive
Editor's Pick