ഹോം » പ്രാദേശികം » എറണാകുളം » 

കലാമൃതം 2011 ആരംഭിച്ചു

August 24, 2011

ഇടപ്പള്ളി: അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്ട്സ്‌ ആന്‍ഡ്‌ സയന്‍സസ്‌, കൊച്ചിയില്‍ ത്രിദിന വാര്‍ഷിക, പൈതൃക, സാംസ്കാരിക കലോത്സവമായ കലാമൃതം 2011 സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന്‌ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ സംസ്കൃതം ഡിപ്പാര്‍ട്ടുമെന്റിലെ അസിസ്റ്റന്റ്‌ പ്രൊഫ. ഡോ.ലക്ഷ്മി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹവചസ്സുകളാല്‍ ചടങ്ങിനെ അനുഗ്രഹിച്ചു. അമൃത സ്കൂളിന്റെ ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍ സ്വംഗം ആശംസിച്ചു. അമൃത സ്കൂളിലെ സാംസ്ക്കാരിക, കലാ ഫോറമായ അമൃത കലാരഞ്ജനത്തിന്റെ ഉദ്ഘാടനം സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. അമൃതവീചിയുടെ കണ്‍വീനര്‍ എല്‍.വിനോദ്‌ നന്ദി പറഞ്ഞു.
കലാമൃതത്തിന്റെ ഭാഗമായി അമൃതയിലെ വിദ്യാര്‍ത്ഥികളുടെ സന്നദ്ധസേവനവിഭാഗമായ സംസ്കൃതിയും, വിശ്വസംസ്കൃത പ്രതിഷ്ഠാനും സംയുക്തമായി സംസ്കൃത പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്‌. ആധുനിക ശാസ്ത്രത്തിനെയും, കണ്ടെത്തലുകളെയും കുറിച്ച്‌ നമ്മുടെ പൗരാണികര്‍ക്കുള്ള അറിവിനെ പ്രകടമാക്കുന്ന വിവരങ്ങള്‍ പ്രദര്‍ശനശാലയില്‍ ഒരുക്കിയിട്ടുണ്ട്‌. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മൂന്നിറില്‍ പരം വസ്തുക്കളും അവയുടെ സംസ്കൃതനാമങ്ങളും പ്രദര്‍ശനശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇതിന്റെ ഉദ്ഘാടനവും ഡോ.ലക്ഷ്മി ശങ്കര്‍ നിര്‍വഹിച്ചു. പ്രദര്‍ശനം മൂന്ന്‌ ദിവസം നീണ്ടു നില്‍ക്കും. പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്‌. വിശ്വസംസ്കൃത പ്രതിഷ്ഠാനിലെ ശ്രീദേവിയുടെ നേതൃത്വത്തിലാണ്‌. സംസ്കൃതിയുടെ നേതൃത്വത്തില്‍ കേരളീയ, വടക്കേ ഇന്ത്യന്‍, ഗുജറാത്തി വിഭവങ്ങളോട്‌ കൂടിയ ഒരു ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്‌. മൂന്നു ദിവസങ്ങളില്‍ കലാമൃതം ഉത്സവത്തിന്റെ ഭാഗമായി അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും കലാസാംസ്കാരിക പരിപാടികളും കലാമത്സരങ്ങളും അവതരിപ്പിക്കും.
ജീവിതം കലയാക്കിമാറിയാല്‍ മാത്രമേ ഒരോ നിമിഷവും അത്‌ ആസ്വദിക്കാവാന്‍ കഴിയുകയുള്ളൂവെന്ന്‌ മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമിപൂര്‍ണാമൃതാനന്ദപുരിനിര്‍ദ്ദേശിച്ചു. ജീവിതം അനുഭവങ്ങളാണ്‌. ജീവിത രഹസ്യങ്ങളറിഞ്ഞാല്‍ ഓരോ അനുഭവവും സുഖദുഖങ്ങളും ആസ്വാദ്യകരമാക്കാന്‍ സാധിക്കും. അഹങ്കാരത്തില്‍ നിന്നല്ലാതെ ജീവിതത്തിന്റെ ഓരോ പ്രവര്‍ത്തിയും പ്രേമത്തില്‍നിന്നും ഉത്ഭവിക്കുന്നതാകണം. ജീവിതത്തെ ആസ്വാദ്യമാക്കുന്നത്‌ ചിട്ടകളാണ്‌. കലതന്നെയാണ്‌ ചിട്ടയും, യഥാര്‍ത്ഥകല ഉത്ഭവിക്കുന്നത്‌ നാം നമ്മെമറക്കുമ്പോഴാണ്‌. ജീവിതദുഃഖങ്ങള്‍മറക്കുവാന്‍ കലസഹായിക്കുന്നു. ഞാനെന്നഭാവം നശിക്കുമ്പോള്‍ കല ജനിക്കുമെന്നും സ്വാമിജി കലാമൃതം 2011ന്റെ ഉദ്ഘാടന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിക്കൊണ്ട്‌ അഭിപ്രായപ്പെട്ടു.
ഭാരതീയ ജീവിതം പ്രേമത്തിന്റെ താളമാണെന്ന്‌ കലാമൃതം കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിപറഞ്ഞു. പഠിപ്പിക്കുന്നയാള്‍ കേവലം അദ്ധ്യാപകന്‍മാത്രമാണ്‌. ചിന്തിപ്പിക്കുന്നയാളാണ്‌ യഥാര്‍ത്ഥ ഗുരു. യഥാര്‍ത്ഥ സാക്ഷരത എന്ന്‌ പറയുന്നത്‌ തിരിച്ചറിയാനുള്ള കഴിവാണ്‌. നല്ലതും ചീത്തയും തിരിച്ചറിയുന്നതാണ്‌ കഴിവ്‌. അധര്‍മം കണ്ടാല്‍ പ്രതികരിക്കാനുള്ള ശക്തിനേടിയെടുക്കുകയും രാജ്യത്തെക്കുറിച്ച്‌ സ്വപ്നങ്ങള്‍ കാണുകയും വേണമെന്ന്‌ സൂര്യകൃഷ്ണ മൂര്‍ത്തി ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick