ഹോം » പ്രാദേശികം » എറണാകുളം » 

ഓണക്കാല പുസ്തകോത്സവം ഇന്നു മുതല്‍

August 25, 2011

കൊച്ചി: കൊച്ചി നഗരസഭയും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സഹകരിച്ച്‌ ഇന്ന്‌ മുതല്‍ സപ്തംബര്‍ നാല്‌ വരെ നഗരത്തില്‍ ഓണക്കാല പുസ്തകമേളയും സാംസ്കാരികോത്സവവും നടത്തും. പുസ്തകമേളയും സാംസ്കാരികോത്സവവും ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ എറണാകുളം ടൗണ്‍ ഹാളില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയര്‍ ബി ഭദ്ര അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും പ്രത്യേക വിലക്കിഴിവില്‍ മേളയിലൂടെ വില്‍പ്പന നടത്തും.
കേന്ദ്രസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ ഫൗണ്ടേഷനുവേണ്ടി ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിക്കുന്ന ഡോ.ബി.ആര്‍.അംബേദ്കറുടെ സമ്പൂര്‍ണകൃതികളുടെ 34 വാല്യങ്ങള്‍ മേളയില്‍വില്‍പ്പന നടത്തും. റാണി ഗൗരി ലക്ഷ്മിഭായി രചിച്ച ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസിന്റെ ഏഴു വാല്യങ്ങള്‍, മാര്‍ത്താണ്ഡവര്‍മ ആധുനിക തിരുവിതാംകൂറിന്റെ ഉദയം, ദക്ഷിണേന്ത്യന്‍ സംഗീതം ഒന്നാം ഭാഗം തുടങ്ങിയ പുസ്തകങ്ങളും മേളയില്‍ നിന്നുവാങ്ങാം.
മേളയോടനുബന്ധിച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച കഥകളി സാധാരണക്കാര്‍ക്ക്‌ ഭരണശബ്ദാവലി, ഫിസിയോളജി അടിസ്ഥാനതത്വങ്ങള്‍ എന്നീ പുസ്തകങ്ങള്‍ കെ.എല്‍.മോഹനവര്‍മയ്ക്ക്‌ നല്‍കി മന്ത്രി പ്രകാശനം ചെയ്യും. കവിയരങ്ങ്‌, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവയും മേളയോടനുബന്ധിച്ച്‌ നടത്തും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ്‌ പുസ്തക പ്രദര്‍ശന വില്‍പ്പന.

Related News from Archive
Editor's Pick