ഹോം » പൊതുവാര്‍ത്ത » 

ചര്‍ച്ച അട്ടിമറിച്ചത്‌ സിബലും ചിദംബരവും: ടീം ഹസാരെ

August 25, 2011

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച്‌ പൗരസമൂഹ പ്രതിനിധികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിയതിന്റെ ഉത്തരവാദികള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പി. ചിദംബരവും കപില്‍ സിബലുമാണെന്ന്‌ ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിനുള്ളിലെ ചില ഘടകങ്ങള്‍ ലോക്പാല്‍ ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ അത്യന്തം നിര്‍ഭാഗ്യകരമാണെന്നും ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താതിരിക്കാന്‍ ഇത്തരക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബലും ആഭ്യന്തരമന്ത്രി പി. ചിദംബരവും ചര്‍ച്ച പുരോഗമിക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്‌. ചര്‍ച്ചകള്‍ ഇതേവരെ ഫലപ്രാപ്തി കൈവരിക്കാത്തതിന്‌ കാരണക്കാര്‍ ഇവര്‍ രണ്ടുപേരുമാണെന്ന്‌ കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. ബില്ലിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടാകണമെന്നതാണ്‌ തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ കള്ളക്കളികളുടെ ഇരകളാണ്‌ തങ്ങളെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബില്ലിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടുകള്‍ തുടര്‍ന്നുപോരുന്നതായും കേജ്‌രിവാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ചര്‍ച്ചയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം മനഃപൂര്‍വം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്‌. നിരവധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിന്‌ ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതാണ്‌, ഹസാരെ സംഘം പറഞ്ഞു.

Related News from Archive
Editor's Pick