ഹോം » ലോകം » 

ചിലിയിലെ തൊഴിലാളി സമരം അക്രമാസക്തമായി

August 26, 2011

സാന്റിയാഗോ: പരിഷ്ക്കരണങ്ങളാവശ്യപ്പെട്ട്‌ ചിലിയിലെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ 48 മണിക്കൂര്‍ സമരത്തിലാണ്‌. ശാന്തമായി തുടങ്ങിയ സമരം കഴിഞ്ഞദിവസം സമരാനുകൂലികള്‍ കല്ലേറുകള്‍ തുടങ്ങുകയും ബാരിക്കേഡുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതോടെ അക്രമാസക്തമാവുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച്‌ 348 പേരെ അറസ്റ്റ്‌ ചെയ്തു. രണ്ട്‌ ഡസനിലേറെ ആളുകള്‍ക്ക്‌ പരിക്കുണ്ട്‌.
വിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി വിദ്യാര്‍ത്ഥികളും സമരത്തിലാണ്‌. സര്‍ക്കാര്‍ ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട്‌ തുറമുഖ തൊഴിലാളികളും അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കാളികളായെന്ന്‌ ചിലിയിലെ ട്രേഡ്‌ യൂണിയന്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ സമരത്തിനുള്ള ആഹ്വാനം തൊഴിലാളികള്‍ തിരസ്ക്കരിച്ചതായി സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കലങ്ങളില്‍ ഇടിച്ചും തളികകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും സമരക്കാര്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍ തലസ്ഥാനനഗരമായ സാന്റിയാഗോയിലുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ സമരക്കാര്‍ കല്ലേറ്‌ നടത്തുകയും തെരുവീഥികളില്‍ ടയറുകള്‍ കത്തിക്കുകയുമുണ്ടായി. പോലീസ്‌ ജലപീരങ്കിയും കണ്ണീര്‍വാതകവുമായി സമരക്കാരെ നേരിട്ടു.
സമത്വമില്ലാത്തതെന്ന്‌ ആക്ഷേപിച്ചാണ്‌ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഴ്ചകള്‍ക്ക്‌ മുമ്പ്‌ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്‌. പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വര്‍ധന, ആരോഗ്യ പരിരക്ഷ, നികുതികള്‍ എന്നിവയിലെ നവീകരണം, ഭരണഘടനാ മാറ്റങ്ങള്‍ ഇവയാണ്‌ തൊഴിലാളി സംഘടനയുടെ ആവശ്യങ്ങള്‍. ഒരുദിവസത്തെ സമരംമൂലം രാജ്യത്തിന്‌ 200 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന്‌ ധനകാര്യമന്ത്രി ഫെലിപ്പിലാറെന്‍ അറിയിച്ചു. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ അനുവദിക്കാമെന്നും വിദ്യാഭ്യാസ വായ്പകള്‍ക്ക്‌ പലിശനിരക്ക്‌ കുറക്കാമെന്ന്‌ പ്രസിഡന്റ്‌ സെബാസ്റ്റിന്‍ പിനെറാ സമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ ആനുകൂല്യങ്ങള്‍ തികയുകയില്ലെന്നാണ്‌ വിദ്യാര്‍ത്ഥികളുടെ നിലപാട്‌.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick