സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു: വെള്ളാപ്പള്ളി

Friday 26 August 2011 3:37 pm IST

കോട്ടയം : പിന്നോക്കക്ഷേമവകുപ്പ്‌ രൂപീകരിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ഇനിയൊരു കമ്മീഷനെ രൂപികരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രമാണന്ന്‌ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യൂത്ത്‌ മൂവ്മെണ്റ്റിണ്റ്റെ ആഭിമുഖ്യത്തില്‍ പിന്നോക്കക്ഷേമവകുപ്പ്‌ രൂപികരിക്കണമെന്നാവശ്യപ്പെട്ട്‌ കളക്ട്രേറ്റ്‌ പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഇതിനെക്കുറിച്ച്‌ വര്‍ഷങ്ങളെടുത്ത്‌ പഠിച്ച്‌ തയ്യാറാക്കിയ മൂന്ന്‌ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിണ്റ്റെ മേശപ്പുറത്ത്‌ ഇരിപ്പുണ്ട്‌. അതിലെല്ലാം പറഞ്ഞിരിക്കുന്നത്‌ ഉടന്‍ തന്നെ വകുപ്പ്‌ രൂപീകരിക്കണമെന്നാണ്‌. ആ കമ്മീഷനുകളെയെല്ലാം തള്ളിക്കൊണ്ട്‌ വി.ആര്‍.ജോഷിയുടെ നേതൃത്വത്തില്‍ പുതിയൊരു കമ്മീഷണ്റ്റെ ആവശ്യമില്ല. ഒരേ പന്തിയില്‍ രണ്ട്‌ തരത്തില്‍ സദ്യവിളമ്പുന്ന സര്‍ക്കാര്‍ സ്വഭാവമാണ്‌ പിന്നോക്ക ക്ഷേമവകുപ്പ്‌ ഇനിയും യാഥാര്‍ത്ഥ്യമാകാത്തതിന്‌ കാരണം. മുന്നോക്കക്കാരും ന്യൂനപക്ഷക്കാരും മറ്റ്‌ ചിലരുമെല്ലാം ഒരു പത്രസമ്മേളനം നടത്തിയാല്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ സാധിച്ച്‌ കൊടുക്കും. എന്നാല്‍ പിന്നോക്കക്കാരന്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്താലോ രക്തസാക്ഷിയായാലോ പോലും ആരും തിരിഞ്ഞ്‌ നോക്കില്ല. മാറിമാറി വരുന്ന എല്ലാ സര്‍ക്കാരും ഈ നയമാണ്‌ തുടരുന്നത്‌. ഇത്‌ അവസാനിപ്പിക്കേണ്ട സമയമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.