ഹോം » വാര്‍ത്ത » 

കേന്ദ്രം അഴിമതിക്കൊപ്പം

August 26, 2011

അണ്ണാ ഹസാരെയുടെ മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നുവെന്ന വമ്പന്‍ തലക്കെട്ടുകളെ നിരര്‍ത്ഥകമാക്കി അദ്ദേഹത്തിന്റെ നിരാഹാര സമരം നീളുമ്പോള്‍ തെളിയുന്നത്‌ ഹസാരെ തോറ്റിട്ടുമില്ല, ജയിച്ചിട്ടുമില്ല എന്നാണ്‌. വെള്ളിയാഴ്ച ജന്‍ലോക്പാല്‍ ബില്ലും അരുണാ റോയിയുടെയും ജയപ്രകാശ്‌ നാരായണന്റെയും ലോക്പാല്‍ ബില്ലും ലോക്സഭയില്‍ അവതരിപ്പിച്ച്‌ അതിലെ നല്ല വശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പുതിയ ലോക്പാല്‍ നിയമമുണ്ടാക്കാം എന്നായിരുന്നു പ്രധാനമന്ത്രി വ്യാഴാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞത്‌. അണ്ണാ ഹസാരെയും ജന്‍ലോക്പാല്‍ ബില്ലില്‍ എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത സ്ഥാപിക്കണമെന്നും പൗരാവകാശപത്രിക ഉണ്ടാക്കണമെന്നും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെക്കൂടി ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന മൂന്ന്‌ നിര്‍ദേശങ്ങള്‍കൂടി സമര്‍പ്പിച്ചു. അണ്ണാ ഹസാരെ പറഞ്ഞത്‌ പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങിയാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാമെന്നായിരുന്നു. സമരം അവസാനിപ്പിക്കണമെന്ന്‌ പാര്‍ലമെന്റ്‌ ഏകസ്വരത്തില്‍ അണ്ണാ ഹസാരെയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഹസാരെയുടെ സമരം പത്താം ദിവസത്തിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്കയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയും പാര്‍ലമെന്റംഗങ്ങളും സമരം അവസാനിപ്പിക്കണമെന്നും ജന്‍ലോക്പാല്‍ ബില്ല്‌ പാര്‍ലമെന്റിന്റെ മുമ്പില്‍ സമര്‍പ്പിക്കാമെന്നും വാഗ്ദാനം ചെയ്തത്‌. അഴിമതിവിരുദ്ധ സമരം നടത്തുന്ന ഹസാരെയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയുടെ വിഭവശേഷി കൊള്ളചെയ്യുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന അഴിമതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ്‌ ടീം ഹസാരെ പ്രതിഷേധ സമരവുമായി രംഗത്തുവന്നതും അഴിമതി തുടച്ചുനീക്കാന്‍ ജന്‍ലോക്പാല്‍ എന്ന ആശയം മുന്നാട്ട്‌ വച്ചതും. യുപിഎ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തശേഷം രൂപീകരിച്ച ലോക്പാല്‍ ‘സര്‍ക്കാരി’ ലോക്പാല്‍ ആയി തരംതാഴ്‌ന്നത്‌ ഹസാരെ ആവശ്യപ്പെട്ടപോലെ പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും പാര്‍ലമെന്റ്‌ അംഗങ്ങളെയും അതിന്റെ പരിധിയില്‍പ്പെടുത്താത്തിനാലാണ്‌. ഇതിനെതിരെ അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാരം പത്താം ദിവസത്തിലേക്ക്‌ പ്രവേശിക്കുകയും ഹസാരെ ഉയര്‍ത്തിയ അഴിമതിവിരുദ്ധ വികാരം ഇന്ത്യന്‍ ജനതയെ ഒട്ടാകെ ത്രസിപ്പിച്ച്‌ അവരെ അദ്ദേഹത്തിന്‌ പിന്നില്‍ അണിനിരത്തുകയുമായിരുന്നു. പ്രതിദിനം വര്‍ധിച്ചുവന്ന ഹസാരെ അനുകൂലവികാരം അതിര്‌ കവിയുമെന്ന ഭയത്താലാണ്‌ പ്രധാനമന്ത്രിയും പാര്‍ലമെന്റ്‌ അംഗങ്ങളും സമവായത്തിന്‌ തയ്യാറായത്‌. അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ എന്ന ആശയം മുറുകെ പിടിച്ചപ്പോള്‍ അത്‌ പാര്‍ലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സര്‍ക്കാരി ബില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചതാണെന്നിരിക്കെ അതിനെ പാര്‍ലമെന്റിന്റെ ബില്ല്‌ ആയി കാണാന്‍ സാധ്യമല്ലെന്നും ഇന്ത്യയില്‍ ഭരണഘടനയ്ക്കാണ്‌ പരമാധികാരമെന്നും ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തു.
പക്ഷേ വ്യാഴാഴ്ച കണ്ട ശുഭോദര്‍ക്കമായ അന്തരീക്ഷം കലുഷിതമാക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പാവപ്രധാനമന്ത്രി തന്നെയാണെന്ന്‌ സ്ഥിരീകരിച്ച്‌ ‘നിയുക്ത പ്രധാനമന്ത്രിയായി’ രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്‌ അണ്ണാ ഹസാരെയുടെ സമരത്തിന്റെ ലക്ഷ്യം ന്യായീകരിക്കാമെങ്കിലും സമരരീതി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഇന്ത്യയില്‍ പാര്‍ലമെന്റിനാണ്‌ പരമാധികാരമെന്നുമാണ്‌. ഇത്‌ സമന്വയത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്‌. ലോക്പാല്‍ ബില്ല്‌ മാത്രംകൊണ്ട്‌ അഴിമതി തടയാനാകില്ല, നിയമം മാത്രം പോര, അഴിമതി തടയാന്‍ ഒറ്റമൂലി ഇല്ല. അതുകൊണ്ട്‌ ലോക്പാലിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ്‌ കമ്മീഷനെപ്പോലെ ഭരണഘടനാ വിധേയമാക്കണമെന്നുമാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ പ്രശംസിച്ച്‌ രാഹുല്‍ഗാന്ധി പറഞ്ഞത്‌. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള ബില്ലായിരിക്കണമെന്നും അതോടൊപ്പം നികുതി പരിഷ്ക്കരണം വേണമെന്നും അണ്ണാ ഹസാരെ തുടരുന്ന സമരം പാര്‍ലമെന്റിനെ ലക്ഷ്യംവച്ചുള്ള അനാരോഗ്യകരമായ സമരമാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ പര്യവസാനത്തിലേക്കെത്തിയിരുന്ന ലോക്പാല്‍ ചര്‍ച്ച വീണ്ടും വഴിമുട്ടുമ്പോള്‍, അണ്ണാ ഹസാരെയുടെ നിരാഹാരം നീളുമ്പോള്‍ ഇന്ത്യയില്‍ എന്ത്‌ സംഭവിക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍.
ക്രൂശിക്കപ്പെടുന്ന മലയാളം
മലയാളികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും ജീവിതശൈലിയെയും വസ്ത്രധാരണ രീതിയെയും എന്തിന്‌ മലയാളികളുടെ ആഘോഷങ്ങളുടെ രീതിയെപ്പോലും തിരസ്ക്കരിക്കുന്നവരാണ്‌. ‘എനിക്ക്‌ മലയാലം അരിയില്ല’ എന്ന്‌ പറയുന്നതിലും എന്റെ കുട്ടികള്‍ക്ക്‌ മലയാളം വായിക്കാന്‍ അറിയില്ല എന്ന്‌ പറയുന്നതിലും അഭിമാനംകൊള്ളുന്നവര്‍. മലയാളം നിര്‍ബന്ധിതമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നത്‌ ചിരകാല ആവശ്യമായിരുന്നു. ഇപ്പോള്‍ തൃശൂരിനടുത്ത്‌ ഒരു സിബിഎസ്‌ഇ സ്കൂളില്‍ മലയാളം സംസാരിച്ചതിന്‌ മാനേജ്മെന്റ്‌ പുറത്താക്കിയത്‌ 80 കുട്ടികളെയായിരുന്നു. അവര്‍ക്ക്‌ ആയിരം രൂപ പിഴയും നിര്‍ദേശിച്ചു. ഭാഷാവിരോധം പല സ്കൂളിലും നിലനില്‍ക്കുന്നത്‌ രക്ഷകര്‍ത്താക്കള്‍ മലയാളം പഠിപ്പിക്കുന്ന സ്കൂളുകളോട്‌ വൈമുഖ്യം പുലര്‍ത്തി ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ തെരഞ്ഞുപിടിച്ച്‌ കുട്ടികളെ ചേര്‍ക്കുന്നതുകൊണ്ടാണ്‌. സാമ്പത്തികനിലയില്‍ ഉന്നതര്‍ മാത്രമല്ല, താഴേക്കിടയിലുള്ളവര്‍പോലും ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ തെരഞ്ഞുപോകുന്നു.
ഭാഷയോട്‌ മാത്രമല്ല, വസ്ത്രധാരണ രീതിയോടും എതിര്‍പ്പ്‌ വ്യാപകമാണ്‌. പല സ്കൂളുകളില്‍നിന്നും നവംബര്‍ ഒന്നിന്‌ (കേരള രൂപീകരണ ദിവസം) മുണ്ട്‌ ധരിച്ചതിന്‌ പുറത്താക്കപ്പെട്ടിരുന്നു. കോളേജ്‌ കുമാരികള്‍ സെറ്റുടുക്കുന്നതും നവംബര്‍ ഒന്നിനാണ്‌. തിരുവാതിരകളി മത്സരത്തിനും. എന്തുകൊണ്ട്‌ സ്വന്തം ഭാഷ സംസാരിക്കാനും പഠിക്കാനും മലയാളിക്ക്‌ അപകര്‍ഷകതാബോധം തോന്നുന്നു? തമിഴ്‌നാട്ടില്‍ ഹിന്ദി കൊണ്ടുവരുന്നതിനെതിരെ പ്രക്ഷോഭം നടത്തിയാണ്‌ തമിഴിന്റെ ഒൌ‍ന്നത്യം നിലനിര്‍ത്തിയത്‌. തമിഴന്‌ തമിഴിനോടുള്ള പ്രതിബദ്ധത മലയാളിക്ക്‌ സ്വന്തം ഭാഷയോടില്ല. ഇപ്പോള്‍ മലയാളം ഔദ്യോഗിക ഭാഷയാക്കുമെന്നും സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുമെന്നും മറ്റുമാണ്‌ സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മലയാളഭാഷ നിലനില്‍ക്കില്ല. മലയാളം മരിക്കാതിരിക്കണമെങ്കില്‍ മലയാളിയില്‍ ഭാഷാ സ്നേഹം ഉയരണം, പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണം, മലയാള സാഹിത്യം ആസ്വദിക്കാന്‍ പഠിക്കണം. പക്ഷേ മലയാളം ചാനല്‍ നിരീക്ഷകരും ചാനല്‍റാണിമാരുടെ സങ്കരമലയാളം അനുകരിക്കാനാണല്ലൊ ശ്രമിക്കുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick