രാഹുലിന്റെ വസതിക്ക്‌ മുന്നില്‍ പ്രതിഷേധപ്രകടനം

Friday 26 August 2011 11:36 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന സഹനസമരത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ വസതിക്ക്‌ മുന്നില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തകരുടെ പ്രകടനം. ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്‌ അര മണിക്കൂര്‍ നീണ്ട പ്രകടനത്തിലുടനീളം മുഴങ്ങിയത്‌. 12- തുഗ്ലക്‌ ലെയ്ന്‍ വസതിക്ക്‌ മുന്നില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു പ്രകടനം. പിന്നീട്‌ പോലീസെത്തിയാണ്‌ പ്രകടനക്കാരെ നീക്കിയത്‌. 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തെ തള്ളിപ്പറയുകയും വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച്‌ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്താന്‍ പറ്റില്ലെന്നും ലോക്സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ്‌ ഹസാരെ അനുകൂലികളെ പ്രകോപിപ്പിച്ചത്‌. ഇത്‌ അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന്‌ പറഞ്ഞ അദ്ദേഹം ലോക്പാല്‍ കൊണ്ടുമാത്രം അഴിമതി നിര്‍മാര്‍ജനം സാധ്യമാകില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജി, മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി എന്നിവരുടെ വസതിക്ക്‌ മുന്നിലും ഹസാരെ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ, രാത്രി 10 ന്‌ ശേഷം ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി ഹസാരെക്കും സംഘത്തിനും ദല്‍ഹി പോലീസ്‌ നോട്ടീസ്‌ നല്‍കി. സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌.