ഹോം » ഭാരതം » 

ഐഎന്‍എസ്‌ കരുവ കമ്മീഷന്‍ ചെയ്തു

August 27, 2011

വിശാഖപട്ടണം: ആക്രമണത്തില്‍ വേഗത പുലര്‍ത്തുന്ന ഇന്ത്യന്‍ നേവിയുടെ പടക്കപ്പല്‍ ഐഎന്‍എസ്‌ കരുവ കമ്മീഷന്‍ ചെയ്തു. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത്‌ നടന്ന വര്‍ണാഭമായ ചടങ്ങിലാണ്‌ എയര്‍മാര്‍ഷല്‍ കെ.ജെ.മാത്യൂസ്‌ ഇന്ത്യന്‍ നാവികസേനയുടെ ഈ പടക്കപ്പല്‍ കമ്മീഷന്‍ ചെയ്തത്‌.
അലംകൃതമായ കപ്പലില്‍ നാവികസേനയുടെ പതാക ഉയര്‍ന്നപ്പോള്‍ നേവി ബാന്റ്‌ ദേശീയഗാനമാലപിച്ചു. കേരളത്തിലെ കബനി നദിയുടെ ഒരു പോഷകനദിക്കരികിലുള്ള ദ്വീപിന്റെ നാമധേയമാണ്‌ കരുവ.
52 മീറ്റര്‍ നീളമുള്ള കപ്പലിന്‌ 30 നോട്ടിക്കല്‍ മെയിലിനേക്കാള്‍ കൂടുതല്‍ വേഗത കൈവരിക്കാനാവും. 39 നാവികരും നാല്‌ ഓഫീസര്‍മാരുമാണ്‌ കപ്പലിലുള്ളത്‌. തീരദേശത്തും പുറംകടലിനും നിരീക്ഷണത്തിനും റോന്ത്‌ ചുറ്റലിനുമുപയോഗിക്കാവുന്ന കപ്പലില്‍ ആധുനികമായ എംടിയു എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിലെ വാര്‍ത്താവിനിമയ സൗകര്യങ്ങളും അത്യന്താധുനികമാണ്‌. കര്‍വാര്‍ ആസ്ഥാനമാക്കിയായിരിക്കും കപ്പലിന്റെ പ്രവര്‍ത്തനം. തീരദേശ പട്രോളിംഗിനും കടല്‍ കൊള്ളക്കാര്‍ക്കെതിരെയുള്ള കോംഗ്കണ്‍ തീരത്തും ലക്ഷദ്വീപ്‌ സമൂഹങ്ങളിലുമുള്ള നീക്കത്തിലും കപ്പല്‍ മുതല്‍ക്കൂട്ടാവും.

Related News from Archive
Editor's Pick