ഹോം » കേരളം » 

പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി അനില്‍കുമാര്‍

August 29, 2011

കൊച്ചി: പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുളള വിദ്യാഭ്യാസ പദ്ധതികളാണ്‌ നൂറുദിനകര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നു പട്ടികവിഭാഗക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്നും അവ ഉടന്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായുളള വിഷന്‍ 2013 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിവുണ്ടായിട്ടും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ഉന്നത, പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരാന്‍ കഴിയാത്ത അവസ്ഥ ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കിനിയുണ്ടാകില്ല. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സഹായം ചെയ്യും. എല്ലാ വിഷയത്തിനും എ പ്ലസ്‌ കിട്ടിയതുകൊണ്ടുമാത്രം പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പ്രവേശനം കിട്ടില്ലെന്നും ചിട്ടയായ പരിശീലനത്തിന്റെ അഭാവമാണ്‌ പട്ടികജാതി വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. 100 ദിന പരിപാടികള്‍ വകുപ്പ്‌ പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന മറ്റു മൂന്നു പദ്ധതികളാണ്‌ തുടങ്ങുന്നത്‌. 140 മണ്ഡലങ്ങളില്‍ അഞ്ചു ലക്ഷം രൂപ സഹായത്തോടെയുളള ലൈബ്രറിയും വിവരസാങ്കേതികതയും സമന്വയിപ്പിക്കുന്ന വിജ്ഞാനവാടി പദ്ധതി കഴിഞ്ഞ ദിവസം കോഴിക്കോട്‌ തുടങ്ങി. സംസ്ഥാനത്തെ പ്രീമെടിക്‌, പോസ്റ്റ്‌ മെട്രിക്‌ ഹോസ്റ്റലുകളിലെ ലൈബ്രറി സംവിധാനം വിപുലമാക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മൂന്നിന്‌ കോട്ടയത്തു നടക്കും. സംസ്ഥാനത്ത്‌ എട്ടാം തരത്തില്‍ പഠിക്കുന്ന 55000 വിദ്യാര്‍ഥികള്‍ക്ക്‌ സൈക്കിള്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ പദ്ധതിയെന്നു മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമായി എന്‍ട്രന്‍സ്‌ പരിശീലത്തിനായി ആറുവിദ്യാര്‍ഥികള്‍ക്കുളള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ വിതരണം ചെയ്തു. എംഎല്‍എമാരായ വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, ലൂഡി ലൂയിസ്‌, പട്ടികജാതി വികസന വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പദ്മരാജന്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എന്‍ട്രന്‍സ്‌ പരീക്ഷകളില്‍ ആദ്യ 300 റാങ്കുകളിലൊന്നിലും പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിരുന്നില്ല. സംസ്ഥാനത്താകെ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍ 300 ല്‍ ഏറെയുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ മെച്ചപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി അവരെ മത്സരപരീക്ഷയ്ക്ക്‌ സജ്ജരാക്കുകയാണ്‌ വിഷന്‍ 2013 പദ്ധതി.
പരിശീലന കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക്‌ തിരഞ്ഞെടുക്കാം. വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കൂടാത്തവരാകണം അപേക്ഷകര്‍. പരമാവധി 20,000 രൂപവരെ ധനസഹായം നല്‍കുന്ന പദ്ധതിക്കായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുളളത്‌.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick