ഹോം » പ്രാദേശികം » എറണാകുളം » 

ഓണത്തിനായി 60 കോടി സബ്സിഡിയോടെ കൂടുതല്‍ ഭക്ഷ്യധാന്യം: കെ.വി.തോമസ്‌

September 3, 2011

കൊച്ചി: ഇത്തവണ ഓണാഘോഷക്കാലത്ത്‌ 60 കോടി രൂപയുടെ സബ്സിഡിയോടെയാണ്‌ കേന്ദ്രം കേരളത്തിനു ഭക്ഷ്യധാന്യം അനുവദിച്ചതെന്ന്‌ കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഐആര്‍ഡിപി, എസ്ജിഎസ്‌വൈ വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ്‌ ഒരു കാര്‍ഡുടമയ്ക്കു 400 ഗ്രാം പഞ്ചസാര നല്‍കിയിരുന്നത്‌ ഇത്തവണ ഒരു കിലോവരെയാക്കിയിട്ടുണ്ട്‌. കിലോയ്ക്ക്‌ 23 രൂപയുളള അരി 11.85 രൂപയ്ക്കു നല്‍കുന്നതിനായി 54000 മെട്രിക്‌ ടണ്ണാണ്‌ ഇക്കുറി അനുവദിച്ചത്‌. 16 രൂപയുടെ ഗോതമ്പ്‌ 8.85 രൂപയ്ക്ക്‌ വിതരണത്തിനായി 27,000 ടണ്ണും നല്‍കിയിട്ടുണ്ട്‌. പൊതുവിതരണ ശൃംഖലകള്‍ക്കു പുറമെ മറ്റ്‌ ഏജന്‍സികള്‍ വഴി ഇവ വിതരണം ചെയ്യാന്‍ സംസ്ഥാനത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.
എക്സൈസ്‌ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പളളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ.സോമന്‍ ബാബു, ബാബു ജോസഫ്‌, അബ്ദുള്‍ മുത്തലിബ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.എം.അവറാന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടര്‍ എന്‍.വിനോദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick