ഹോം » വാര്‍ത്ത » കേരളം » 

സ്മാര്‍ട്ട്സിറ്റിയിലും ലീഗ്‌ പിടിമുറുക്കുന്നു

June 23, 2011

കൊച്ചി: സ്മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ ചെയര്‍മാനായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതോടെ മുസ്ലീംലീഗിന്റെ ആധിപത്യം സ്മാര്‍ട്ട്‌ സിറ്റിയിലും ഉറപ്പായി. ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന കാരണത്താലാണ്‌ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാനാക്കിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഐടിയുടെ ചുമതല ഇല്ലാതിരുന്ന മന്ത്രി എസ്‌. ശര്‍മ്മയായിരുന്നു സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാന്‍. എറണാകുളം ജില്ലക്കാരനും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ വിശ്വസ്തനും എന്ന നിലയിലായിരുന്നു ശര്‍മ്മക്ക്‌ ചുമതല ലഭിച്ചത്‌. പക്ഷെ പ്രാദേശിക താല്‍പര്യങ്ങളും പൊതുതാല്‍പര്യവും പരിഗണിക്കാതെ മുസ്ലീംലീഗിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ്‌ സ്മാര്‍ട്ട്സിറ്റി കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാനാക്കിയതോടെ വ്യക്തമായിരിക്കുകയാണ്‌.
മുന്‍സര്‍ക്കാരുമായി ടീകോം കമ്പനി ഉണ്ടാക്കിയിട്ടുള്ള കരാറില്‍ മാറ്റം വരുത്താതെയാണ്‌ സ്മാര്‍ട്ട്‌ സിറ്റി നിര്‍മാണം ആരംഭിക്കുന്നതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുന്‍സര്‍ക്കാരുമായുണ്ടാക്കിയിരുന്ന കരാറില്‍നിന്ന്‌ അടിസ്ഥാനപരമായി ഒട്ടേറെ മാറ്റങ്ങളോടെയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്‌. സ്വയംനിര്‍ണയാവകാശമുള്ള 36 ഏക്കര്‍ ഭൂമി വേണമെന്ന ആവശ്യത്തില്‍ ടീകോം കമ്പനി ഉറച്ചുനിന്നതോടെയാണ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പദ്ധതി പ്രവര്‍ത്തനം വഴിമുട്ടിയത്‌. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ പ്രവാസി മലയാളി വ്യവസായിയായ എം.എ. യൂസഫലിയുടെ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം ഉണ്ടാക്കിയെന്ന്‌ പ്രചാരണം ഉണ്ടായെങ്കിലും കരാറില്‍ ടീകോം കമ്പനി സംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. ഇടതുമുന്നണി സര്‍ക്കാരുമായി ധാരണയില്‍ എത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന്‌ പിന്നീടുള്ള ടീകോമിന്റെ നീക്കങ്ങളില്‍നിന്ന്‌ വ്യക്തമായിരുന്നു. യൂസഫലിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കുശേഷവും സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കാര്യത്തില്‍ ടീകോം യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. ഒരു വിധത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചില്ലെന്ന്‌ മാത്രമല്ല, നിര്‍ത്തലാക്കിയ അവരുടെ ഓഫീസ്‌ പ്രവര്‍ത്തനം പോലും പുനരാരംഭിച്ചില്ല. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ്‌ ഓഫീസ്‌ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കുന്നതിനും തീരുമാനമായത്‌.
സ്മാര്‍ട്ട്‌ സിറ്റിക്കുവേണ്ടി 246 ഏക്കര്‍ ഭൂമിയാണ്‌ സര്‍ക്കാര്‍ കൈമാറാന്‍ തീരുമാനിച്ചിരുന്നത്‌. ഇതില്‍ കൂടുതല്‍ ഭൂമി വേണമെന്ന്‌ ടീകോം ആവശ്യപ്പെട്ടിരുന്നുമില്ല. എന്നാല്‍ നാല്‌ ഏക്കര്‍ ഭൂമികൂടി അധികമായി നല്‍കി ടീകോമിന്‌ 250 ഏക്കര്‍ ഭൂമി കൈമാറാനുള്ള പുതിയ തീരുമാനത്തിലും ദുരൂഹതയുണ്ട്‌. 36 ഏക്കര്‍ സ്വതന്ത്രാവകാശഭൂമി വേണമെന്ന ടീകോമിന്റെ ആവശ്യത്തെക്കുറിച്ച്‌ വ്യക്തമായി വിശദീകരിക്കാതെ സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്ത്‌ കേന്ദ്ര സെസ്‌ നിയമം നടപ്പാക്കുമെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്‌. കേന്ദ്ര സെസ്‌ നിയമം നടപ്പായാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 50 ശതമാനം ഭൂമി ഉപയോഗപ്പെടുത്തിയാല്‍ മതി. ബാക്കി പകുതി ഭൂമി അവര്‍ക്‌ക്‍ഇഷ്ടമുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം. സംസ്ഥാന സെസ്‌ നിയമമനുസരിച്ച്‌ 70 ശതമാനം ഭൂമിയും വ്യവസായാവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തണമെന്നാണ്‌ വ്യവസ്ഥ. ഇടതുമുന്നണി സര്‍ക്കാരിന്റെ മധ്യസ്ഥനായ എം.എ. യൂസഫലിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്‌ മുസ്ലീംലീഗിന്റെ രാഷ്ട്രീയ-സാമുദായിക താല്‍പര്യം സംരക്ഷിച്ചുകൊണ്ട്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശം ഭാവിയില്‍ സമുദായനിയന്ത്രണ മേഖലയായി മാറുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick