ഹോം » പൊതുവാര്‍ത്ത » 

മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ ശ്രമം – ഹൈദരലി ശിഹാബ്‌ തങ്ങള്‍

September 4, 2011

കോഴിക്കോട്‌: മുസ്ലീംലീഗിനേയും അതിന്റെ മതേതര മൂല്യത്തേയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. തീവ്രവാദത്തിന്‌ എതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കും. മല പോലെ വരുന്ന എതിര്‍പ്പുകളെ പാര്‍ട്ടി മഞ്ഞുപോലെ നേരിടുമെന്നും തങ്ങള്‍ കോഴിക്കോട്ട്‌ സംസ്ഥാന കൗണ്‍സിലില്‍ യോഗത്തില്‍ വ്യക്തമാക്കി.

ലീഗിന്റെ മതേതരത്വം ഇല്ലായ്‌മ ചെയ്യാന്‍ ചില ശക്തികള്‍ നുണപ്രചാരണം നടത്തുകയാണ്. ലീഗിനെതിരായ കുപ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടും. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ്‌ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചില രാഷ്‌ട്രീയ നേതാക്കള്‍ ക്രിമിനലുകളെ കൂട്ടുപിടിച്ച്‌ കേസ്‌ കൊടുക്കുന്നുവെന്ന്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടു. തീവ്രവാദസംഘടനകളെ പ്രോത്സാഹിപ്പിച്ചത്‌ മുസ്ലീം ലീഗ്‌ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച ആവശ്യം വീണ്ടും ശക്തിപ്പെടുത്തണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തിയ ഇക്കാര്യം തീരുമാനമെടുക്കാതെ കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോവുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തു നില്‍ക്കുന്നുവെന്നാണു കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതു പാര്‍ട്ടിക്ക് അപമാനമാണ്. ഇക്കാര്യത്തില്‍ സുതാര്യമായ നിലപാടു വ്യക്തമാക്കണമെന്ന് അംഗങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരേ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ വിമര്‍ശനവും ചര്‍ച്ച ചെയ്തു. പനമ്പിള്ളി ഗോവിന്ദ മേനോനും ബിജെപി നേതാവ് ഒ. രാജഗോപാലും റെയ്ല്‍ മന്ത്രിമാരായിരുന്ന കാലത്താണു സംസ്ഥാനത്തിനു വികസനമുണ്ടായതെന്നായിരുന്നു ആര്യാടന്‍റെ അഭിപ്രായ പ്രകടനം. മുന്‍ റെയ്ല്‍ സഹമന്ത്രി അഹമ്മദിനെതിരെയുള്ള ഒളിയമ്പാണിത്. ഇത്തരം വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കണമെന്നും കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ഭരണഘടനാ ഭേദഗതി, പോഷക സംഘടനാവിഷയങ്ങള്‍, അംഗത്വ വിതരണം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സമിതിയുടെ തീരുമാനങ്ങള്‍ക്കു കൗണ്‍സില്‍ അംഗീകാരം നല്‍കി.

Related News from Archive

Editor's Pick