ഹോം » വാര്‍ത്ത » 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

September 4, 2011

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട്. നിലവറയില്‍ നിന്നു സ്വര്‍ണമെടുത്തു പകരം ചെമ്പു തിരികെ വച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ആര്‍ ശ്യാം, വി. സുരേഷ് കുമാര്‍ എന്നിവരടങ്ങിയ അഭിഭാഷക കമ്മിഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2008 ഒക്ടോബറില്‍ അല്‍പ്പശി ഉത്സവ വേളയിലാണ് ആഭരണങ്ങള്‍ അടക്കമുള്ള അമൂല്യ വസ്തുക്കളുടെ നഷ്ടം ശ്രദ്ധയില്‍പ്പെട്ടത്. ഉത്സവത്തിനായി വ്യാസകോണ്‍ നിലവറയില്‍ നിന്ന് എടുത്ത ആഭരണങ്ങളുടെ ചില ഭാഗങ്ങളാണ് കാണാതായത്.

സമിതിയുടെ നിരീക്ഷണത്തിലാണ് ക്ഷേത്രനിലവറകള്‍ തുറന്നത്. പതിനാലു മരതക കല്ലുകള്‍. മുത്തുക്കുടയിലെ 44 സ്വര്‍ണ കൊളുത്തുകള്‍, മൂന്നു സ്വര്‍ണ നൂലുകള്‍, രണ്ടു വെള്ളിക്കിണ്ടികള്‍ എന്നിവയാണ് കാണാതായത്. ആഭരണങ്ങള്‍ തൂക്കി നോക്കണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും രാജ കുടുംബ പ്രതിനിധികള്‍ അതിനെ എതിര്‍ക്കുകയായിരുന്നെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

നിലവറകളുടെ സംരക്ഷണത്തിന് 2007ലാണ് കോടതി മേല്‍നോട്ട കമ്മിഷനെ നിയോഗിച്ചത്. അതിനിടെ കഴിഞ്ഞ മാസം മേല്‍നോട്ട കമ്മിഷനെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രം എക്സിക്യുട്ടിവ് ഡയറക്ടര്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി മൂല്യ നിര്‍ണയം നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം സമിതി ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick