വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍; കാമുകനെന്ന്‌ സംശയിക്കുന്ന യുവാവ്‌ ഗുരുതരാവസ്ഥയില്‍

Sunday 4 September 2011 10:33 pm IST

കാഞ്ഞങ്ങാട്്‌: പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. വിവരമറിഞ്ഞ്‌ കാമുകനെന്നു സംശയിക്കുന്ന യുവാവ്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച്‌ ഗുരുതര നിലയില്‍ ചികിത്സയില്‍. രാജപുരം പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍, നീലിമലയിലെ രാഘവന്‍ ആശാരിയുടെ മകള്‍ സരിത (15)യാണ്‌ മരിച്ചത്‌. രാജപുരം ഹോളിഫാമിലി സ്കൂളിലെ പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. മാതാവ്‌ ഓമന കുടുംബശ്രീ യോഗത്തിനു പോയ സമയത്ത്‌ സരിത വീട്ടിനകത്തു തൂങ്ങി മരിക്കുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. ഓമന തിരിച്ചെത്തിയപ്പോഴാണ്‌ മകള്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞത്‌. രാജപുരം പോലീസ്‌ കേസ്സെടുത്തിട്ടുണ്ട്‌. സരിത തൂങ്ങി മരിച്ച വിവരം നാട്ടില്‍ പരക്കുന്നതോടെ സരിതയുമായി പ്രണയത്തിലാണെന്നു സംശയിക്കുന്ന നീലിമലയിലെ വിനോദി (20)നെ തൂങ്ങി നിലയില്‍ കണ്ടത്തുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. വിനോദ്‌ അപകടനില തരണം ചെയ്തിട്ടില്ല. കള്ളാറില്‍ ഓട്ടോഡ്രൈവറാണ്‌ വിനോദ്‌.