ഹോം » പൊതുവാര്‍ത്ത » 

ഇന്ത്യക്ക്‌ മിസെയില്‍ പ്രതിരോധ സാങ്കേതികവിദ്യ നാറ്റോ വാഗ്ദാനം ചെയ്തു

September 4, 2011

ബ്രസല്‍സ്‌: ശത്രുരാജ്യങ്ങളുടെ മിസെയിലുകള്‍ നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആധുനിക മിസെയില്‍ പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന്‌ നാറ്റോ. നാറ്റോ സഖ്യത്തില്‍ അംഗമല്ലാതിരിന്നിട്ടുകൂടി ഇത്തരത്തിലുള്ള സാങ്കേതിക സഹായം ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. റഷ്യയാണ്‌ നാറ്റോ സഹായം നേരത്തെ തന്നെ ലഭിച്ച മറ്റൊരു രാജ്യം.
ലോകത്ത്‌ മിസെയില്‍ ഭീഷണി നേരിടുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്നും ഇക്കാരണത്താലാണ്‌ രാജ്യവുമായി സാങ്കേതികവിദ്യ പങ്കുവെയ്ക്കുന്നതെന്നും നാറ്റോ വ്യക്തമാക്കിക്കഴിഞ്ഞു. 2001 ലാണ്‌ നാറ്റോ മിസെയില്‍ പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. സഖ്യരാജ്യങ്ങള്‍ക്ക്‌ നേരെ നടക്കുന്ന മിസെയില്‍ ആക്രമണങ്ങളെ ചെറുക്കാനാണ്‌ ഈ സാങ്കേതികത ഉപയോഗിക്കുന്നത്‌. പൃഥ്വി ദീര്‍ഘദൂര മിസെയില്‍ വികസിപ്പിച്ച സാഹചര്യത്തില്‍ ദീര്‍ഘദൂര മിസെയിലുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ഇതോടൊപ്പം വികസിപ്പിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. ശത്രുരാജ്യങ്ങള്‍ തൊടുത്തുവിടുന്ന മിസെയിലുകള്‍ രാജ്യാര്‍ത്തിയില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പേ തന്നെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നതാണ്‌ നാറ്റോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അമേരിക്കയുടെ അത്യാധുനിക മിസെയില്‍ പ്രതിരോധ സാങ്കേതികതയുടെ അടിസ്ഥാനത്തിലാണ്‌ നാറ്റോ പ്രതിരോധ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്‌. ശത്രുരാജ്യങ്ങളുടെ മിസെയിലുകള്‍ക്ക്‌ നേരെ അയക്കുന്ന പ്രതിരോധ മിസെയിലുകളാണ്‌ ഇതിന്റെ പ്രധാന ഘടകം.
കൂടുതല്‍ ഉയരത്തില്‍ പറക്കുന്ന പൃഥ്വി എയര്‍ ഡിഫന്‍സ്‌ മിസെയില്‍ (പിഎഡി) കുറഞ്ഞ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്‌വാന്‍സ്ഡ്‌ എയര്‍ ഡിഫന്‍സ്‌ മിസെയില്‍ (എഎഡി) എന്നിവയാണ്‌ ഇന്ത്യയുടെ കൈവശമുള്ള പ്രതിരോധ മിസെയിലുകള്‍, ഇവ യഥാക്രമം 2006, 2007 വര്‍ഷങ്ങളില്‍ രാജ്യം പരീക്ഷിച്ചിരുന്നു.

Related News from Archive
Editor's Pick