ഹോം » പൊതുവാര്‍ത്ത » 

അഫ്സല്‍ ഗുരുവിനായി ചെലവഴിച്ച തുകയെക്കുറിച്ച്‌ ധാരണയില്ലെന്ന്‌ തിഹാര്‍ അധികൃതര്‍

September 4, 2011

ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണത്തില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ സുരക്ഷയ്ക്കായി ചെലവഴിക്കപ്പെട്ട തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ തിഹാര്‍ ജയില്‍ അധികൃതര്‍.
ജയില്‍ നിയമപ്രകാരം ഓരോതടവുപുള്ളിക്കും ചെലവഴിച്ച തുകയെക്കുറിച്ചുള്ള പ്രത്യേക കണക്കുകള്‍ സൂക്ഷിക്കാറില്ലെന്നും ഈ നിയമം അഫ്സല്‍ ഗുരുവിന്റെ കാര്യത്തിലും ബാധകമാണെന്നുമാണ്‌ അധികൃതരുടെ വിശദീകരണം. വിവരാവകാശ നിയമപ്രകാരം അഹമ്മദാബാദിലുള്ള ഒരു എന്‍ജിഒ കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ്‌ വിശദീകരണമുണ്ടായത്‌.
തടവുപുള്ളികളുടെ ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി വെക്കാന്‍ ജയിലധികൃതര്‍ ബാധ്യസ്ഥരാണെന്നും ഇക്കാരണത്താല്‍ രാജ്യദ്രോഹിയായ അഫ്സല്‍ഗുരുവിനെപ്പോലൊരാളുടെ സുരക്ഷയ്ക്കായി എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന കാര്യം അറിയുവാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. എന്‍ജിഒ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ മുകേഷ്‌ കുമാറാണ്‌ ഹര്‍ജി നല്‍കിയത്‌. മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട പാക്‌ ഭീകരന്‍ അജ്മല്‍ കസബിന്റെ ചെലവുകള്‍ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടി.
ഭീകരന്മാരും ദേശദ്രോഹികളുമായ കുറ്റവാളികളെ പ്രത്യേക സെല്ലുകളഇല്‍ പാര്‍പ്പിച്ച്‌ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താറുണ്ടെന്നാണ്‌ തങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും ഇത്തരക്കാരെ ഒരിക്കലും സാധാരണ തടവുപുള്ളികളുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കുമാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പാകെ കഴിഞ്ഞ മെയ്‌ 25 നാണ്‌ കൗണ്‍സില്‍ അപേക്ഷ സമര്‍പ്പിച്ചത്‌. ഇതേത്തുടര്‍ന്നാണ്‌ ഇക്കാര്യത്തില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ വിശദീകരണം നല്‍കിയത്‌.

Related News from Archive
Editor's Pick