കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

Tuesday 6 September 2011 3:37 pm IST

തൃശൂര്‍ : അനധികൃത സ്വത്തു സമ്പാദന കേസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ്‌ കോടതി തള്ളി. കുഞ്ഞാലിക്കുട്ടിക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ഭാര്യ ഉമ്മു കുല്‍സു പൊതുപ്രവര്‍ത്തകയല്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടി ഭാര്യയെ സാമ്പത്തികമായി സഹായിക്കുന്നുവെന്ന രേഖകളും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായില്ല. കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ ആരോപിച്ച്‌ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ അബ്‌ദുള്‍ അസീസ്‌ ആണ്‌ ഹര്‍ജി നല്‍കിയത്‌. കുഞ്ഞാലിക്കുട്ടിയും ബന്ധുക്കളും തിരുവനന്തപുരത്തും ഗൂഡല്ലൂരിലും അനധികൃതമായി സ്ഥലം വാങ്ങിയെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടീക്കാട്ടിയിരുന്നത്. ഭാര്യ ഉമ്മു കുല്‍സു, സഹായി നാസര്‍ ഹസന്‍ എന്നിവരുടെ പേരില്‍ തിരുവനന്തപുരത്ത് അഞ്ച് ഇടങ്ങളില്‍ സ്ഥലം കൈവശപ്പെടുത്തിയെന്നും ഗൂഡല്ലൂരില്‍ നൂറ് ഏക്കര്‍ ഭൂമി നാസര്‍ ഹസന്റെ പേരില്‍ വാങ്ങിയെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ കോഴിക്കോട് നടക്കുന്ന അന്വേഷണവുമായി യോജിപ്പിക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം കോടതി തള്ളി. രണ്ടു കേസുകളും വ്യത്യസ്തങ്ങളാണെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ചാണിത്.