ഹോം » പ്രാദേശികം » എറണാകുളം » 

ആവേശം പകര്‍ന്ന്‌ ബാലകാരുണ്യം

September 6, 2011

തൃപ്പൂണിത്തുറ: അശരണബാല്യങ്ങളുടെ ഓണകാലസംഗമം ബാലകാരുണ്യം 2011ന്‌ ആവേശം പകര്‍ന്ന്‌, മലയാളഭാഷയുടെ മഹത്വവും മാധുര്യവും വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്ത്‌ മാഷും കുട്ടികളും സര്‍ഗസംവാദം നടത്തി. ഓണപ്പാട്ടുകളും നാടന്‍ പാട്ടുകളും കഥകളും കണക്കുപാട്ടുകളും വാക്കുകള്‍ കൊണ്ടു വിസ്മയം തീര്‍ത്ത്‌ പുത്തന്‍ശൈലിയുമായിട്ടാണ്‌ പ്രശസ്ത ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്‍ മാസ്റ്റര്‍ പരിപാടി അവതരിപ്പിച്ചത്‌. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 15 ബാലാശ്രമങ്ങളിലെ അറുന്നുറോളം വിദ്യാര്‍ത്ഥികള്‍ ആണ്‌ ആട്ടവും പാട്ടുമായി ഇതില്‍ പങ്കെടുത്തത്‌. തൃശൂരിലെ മതിലകത്ത്‌ ഒന്നുണ്ടേ പുത്തിലഞ്ഞി എന്നുതുടങ്ങുന്ന നാടന്‍പാട്ട്‌ താളം പകര്‍ന്നു കൊടുത്തപ്പോള്‍ കുട്ടികള്‍ ആരവമുയര്‍ത്തി കയ്യടിച്ച്‌ പാടിയാണ്‌ മാഷും കുട്ടികളും സമാപിച്ചത്‌. കാഞ്ഞിരമറ്റം സുകുമാരന്‍ മാസ്റ്ററുടെ 755-ാ‍മത്തെ വേദി ജന്മഭൂമി ചെയര്‍മാന്‍ കൂടിയായ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നേരത്തെ ഉദ്ഘാടനം ചെയ്തു.പൂര്‍ണത്രശീയ ക്ഷേത്രദര്‍ശനം നാഷണല്‍ ട്രെയിനര്‍ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ വി.കെ.കൃഷ്ണകുമാറിന്റെ വ്യക്തിത്വവികസന ക്ലാസ്‌, ഹില്‍പാലസ്‌ സന്ദര്‍ശനം, മാജിക്ഷോ എന്നിവയും നടന്നു. ഇന്നത്തെ സമാപനസഭ രാവിലെ 10.30ന്‌ സീമ ഓഡിറ്റോറിയത്തില്‍ ജയന്തന്‍ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്ക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്യും. കൊല്ലം ശാന്താനാന്ദാശ്രമത്തിലെ സ്വാമിനി ദേവിജ്ഞാനാപനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. തോഷിബ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ പ്രണാബ്‌ മൊഹന്തി, ഓര്‍ഫനേജ്‌ ജില്ലാസെക്രട്ടറി ട്രീസടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. സേവനമാതൃക കാഴ്ചവച്ച പുഷ്പന്‍, കെ.യു.രാജീവന്‍ എന്നിവരെ വിഎച്ച്പി അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്‍ ആദരിക്കും. ഹിന്ദുഐക്യവേദി ബാലകാരുണ്യ സന്ദേശം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നല്‍കും. ഓണക്കോടിവിതരണവും ഓണസദ്യയും ഉണ്ടാകും.

Related News from Archive
Editor's Pick