പാക്കിസ്ഥാനില്‍ ചാവേറാക്രമണം

Wednesday 7 September 2011 10:23 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാക്കളെ തടവിലാക്കിയ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയ ഇരട്ട സ്ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും 32 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്‌ അറിയിച്ചു. ക്വറ്റ നഗരത്തിലുള്ള അതിര്‍ത്തിസേനയുടെ ഉപമുഖ്യന്റെ വീടിന്‌ വെളിയില്‍ ഒരു ചാവേര്‍ കാര്‍ ബോംബാക്രമണം നടന്നു. രണ്ടാമത്തെ ചാവേര്‍ വീടിനകത്ത്‌ സ്ഫോടനം നടത്തിയതായും മുതിര്‍ന്ന പോലീസ്‌ വക്താവ്‌ ഹമീദ്‌ ഷക്കീല്‍ അറിയിച്ചു. ഇരട്ട സ്ഫോടനത്തില്‍ വീടിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. കുടുംബാംഗങ്ങള്‍ക്ക്‌ പലര്‍ക്കും പരിക്കേറ്റു. മുറിവേറ്റവരില്‍ ഒരു പോലീസ്‌ ഡപ്യൂട്ടി ഇന്‍സ്പെക്ടറും പെടുന്നു. അതിര്‍ത്തി സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഷക്കീല്‍ ഉള്‍പ്പെടെ നാലുപേര്‍ മരണമടഞ്ഞതായി പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോലീസ്‌ ഡപ്യൂട്ടി ചീഫിന്റെ ഭാര്യയും രണ്ടു കുട്ടികളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റേയും ഇറാനിന്റേയും അതിര്‍ത്തി പ്രദേശത്താണ്‌ ക്വറ്റ സ്ഥിതി ചെയ്യുന്നത്‌. സ്ഫോടനം നടന്ന സ്ഥലം മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഔദ്യോഗിക വസതികള്‍ക്കും സമീപത്താണ്‌. പാക്കിസ്ഥാന്റെ പാരമിലിട്ടറി വിഭാഗമാണ്‌ ഫ്രോണ്ടിയര്‍ കോര്‍പ്സ്‌. യൂറോപ്പ്‌, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഒരു ഭീകരനെ തിങ്കളാഴ്ച പിടികൂടിയതായി സേന അറിയിച്ചിരുന്നു. യുനീസ്‌ അല്‍ മൗറിട്ടാനിയെ മറ്റു രണ്ടു ഭീകരന്മാരോടൊപ്പം അമേരിക്കന്‍ പാക്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്തശ്രമഫലമായി ക്വറ്റയുടെ പരിസരപ്രദേശത്തുനിന്നാണ്‌ അറസ്റ്റ്‌ ചെയ്തിരുന്നത്‌. പിടിക്കപ്പെട്ട മറ്റു രണ്ടുപേര്‍ അബ്ദുള്‍ ഗഫാര്‍ അല്‍ഷമിയും മസെറ അല്‍ഷമിയും ആണ്‌. അമേരിക്കന്‍ സേന നാലുമാസങ്ങള്‍ക്കുമുമ്പ്‌ അല്‍ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ലാദനെ വധിച്ചതിനുശേഷം ആഗോള ഭീകരവാദത്തിന്റെ ശൃംഖലയില്‍ ഒരു വിള്ളലുണ്ടായി. ഇതുമൂലം പാക്‌ അമേരിക്കന്‍ ബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടായിരുന്നു. ഈ ഭീകരവാദികളുടെ അറസ്റ്റില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയും അമേരിക്കയുടെ സിഐഎയും പരസ്പ്പരം യോജിച്ചു. 2001 സപ്തംബര്‍ 11 ലെ വ്യാപാര സമുച്ചയത്തിലുള്ള ആക്രമണം നടന്ന്‌ പത്തുവര്‍ഷത്തിനുശേഷം തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു. പിടികൂടിയ മൂന്നുപേരെ കഴിഞ്ഞ ആഴ്ചയിലാണ്‌ കസ്റ്റഡിയിലെടുത്തതെന്ന പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നടപടിയെ അമേരിക്ക മുക്തകണ്ഠം പ്രശംസിച്ചിരുന്നു. മൗറിട്ടാനി അല്‍ഖ്വയ്ദയുടെ നേതൃനിരയിലുള്ള തീവ്രവാദികയാണെന്ന്‌ പടിഞ്ഞാറന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.