ഹോം » പ്രാദേശികം » കോട്ടയം » 

കണക്കില്ലാത്ത പണം കണ്ടെടുത്ത സബ്‌ രജിസ്ട്രാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക്‌ സാധ്യത

September 7, 2011

കോട്ടയം: കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സബ്‌ രജിസ്ട്രാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്കു സാധ്യത. കഴിഞ്ഞദിവസം വിജിലന്‍സ്‌ നടത്തിയ റെയ്ഡില്‍ കുറവിലങ്ങാട്‌ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന്‌ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതു സംബന്ധിച്ച്‌ വിജിലന്‍സ്‌ വിഭാഗം ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. അഴിമതിക്കാരായ ജീവനക്കാരെ സ്ഥലം മാറ്റുമെന്നും സൂചനയുണ്ട്‌. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ്‌ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഡിഇഒ ഓഫീസ്‌, ചങ്ങനാശേരി ജോയിണ്റ്റ്‌ ആര്‍ടിഒ ഓഫീസ്‌, കുമരകം വില്ലേജ്‌ ഓഫീസ്‌, അതിരമ്പുഴ പഞ്ചായത്ത്‌ ഓഫീസ്‌, കുറവിലങ്ങാട്‌ സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ എന്നിവിടങ്ങളിലാണ്‌ റെയ്ഡ്‌ നടന്നത്‌. കുറവിലങ്ങാട്‌ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന റെയ്ഡില്‍ ഫയലിനിടയില്‍നിന്ന്‌ 6585 രൂപ കണ്ടുകിട്ടി. റെക്കോര്‍ഡ്‌ റൂമില്‍നിന്നും2785 രൂപയും ഓഫീസ്‌ ഫയലില്‍ ബുക്കില്‍നിന്നും3800 രൂപയും ലഭിച്ചു. കണക്കില്‍പ്പെടാത്ത തുകയാണിത്‌. കാഞ്ഞിരപ്പള്ളി ഡിഇഒ ഓഫീസില്‍ പ്രധാനമായും എയ്ഡഡ്‌ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. അധ്യാപകരുടെ അപ്രൂവല്‍ ലെറ്റല്‍ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ്‌. അപ്രൂവല്‍ നല്‍കാന്‍ കഴിയാത്തവ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടില്ലെന്ന്‌ കണ്ടെത്തി. കുമരകം വില്ലേജോഫീസില്‍ പോക്കുവരവ്‌ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ 46 കേസുകളാണ്‌ ഇവിടെയുള്ളത്‌. ഇവിടെനിന്നു നല്‍കുന്ന അപേക്ഷാഫോറങ്ങള്‍ക്ക്‌ രസീത്‌ നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. അതിരമ്പുഴ പഞ്ചായത്തില്‍ ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്‌ റെയ്ഡ്‌ നടന്നത്‌. ഇവിടെനിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തു. പരിശോധന നടന്ന ഇടങ്ങളിലെല്ലാം വ്യാപക ക്രമക്കേട്‌ നടന്നിട്ടുള്ളതായാണ്‌ പ്രാഥാമിക അന്വേഷണത്തില്‍ മനസിലാക്കാനായതെന്ന്‌ വിജിലന്‍സ്‌ ഡിവൈഎസ്പി കൃഷ്ണകുമാര്‍ പറഞ്ഞു. സിഐമാരായ ബേബി എബ്രഹാം, പയസ്‌ ജോര്‍ജ്‌, വിനോദ്‌ പിള്ള, രാജ്കുമാര്‍, രാജേഷ്‌ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Related News from Archive

Editor's Pick