തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിക്കൊരുങ്ങുന്നു. ഇന്നോ നാളെയോ അദ്ദേഹം രാജിവയ്ക്കുമെന്നാണ് സൂചന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണു രാജി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബിഹാറില്‍നിന്നും നിഖില്‍ കുമാര്‍ മത്സരിക്കുമെന്നാണ് അറിയുന്നത്. ഔറംഗാബാദിലോ കാരക്കട്ടിലോ ആകും മത്സരിക്കുക. 2004 ല്‍ ഔറംഗാബാദിലെ എംപിയായിരുന്നു നിഖില്‍ കുമാര്‍. ഇത്തവണ ഔറംഗാബാദില്‍ മത്സരിക്കുമെന്നു ആര്‍ജെഡി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഈ സീറ്റു വിട്ടുനല്‍കാന്‍ ആര്‍ജെഡി നേതൃത്വം സമ്മതമറിയിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ലല്ലുപ്രസാദ് യാദവ്-നിഖില്‍ കുമാര്‍ ചര്‍ച്ച ഇന്നലെ പുര്‍ത്തിയായി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ പുത്രനാണു നിഖില്‍ കുമാര്‍.എന്‍എസ്ജിയുടെ മുന്‍ മേധാവികൂടിയാണു നിഖില്‍കുമാര്‍.
സംസ്ഥാനത്തു ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റിട്ടു ഒരു വര്‍ഷം തികയുന്നതേയുള്ളൂ. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 10 നാണ് അന്നു നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന നിഖില്‍ കുമാറിനെ കേരള ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു വര്‍ഷം തികയും മുമ്പേ അദ്ദേഹം സ്ഥാനം ഒഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: