ഹോം » സംസ്കൃതി » 

ശ്രീ നാരായണഗുരു

September 11, 2011

ബാലന്മാര്‍ക്ക്‌ നല്ലൊരു ഉല്ലാസവേദിയാണ്‌ ചെമ്പഴന്തി. ഓടിക്കളിക്കാന്‍ വെളിസ്ഥലങ്ങളുണ്ട്‌. കയറിയിറങ്ങാന്‍ വൃക്ഷങ്ങള്‍. ഭൂതപ്രേതാദികളുടെ കഥകള്‍ക്കാധാരമായി കാടുകള്‍. ഇങ്ങനെ തങ്ങളുടേതായ സാങ്കല്‍പികലോകത്തിന്‌ പശ്ചാത്തലം സൃഷ്ടിക്കുന്ന എല്ലാം തന്നെ അവിടെയുണ്ട്‌. അതുകൊണ്ട്‌ ഒഴിവുകിട്ടുമ്പോഴെല്ലാം കുട്ടികള്‍ ഒന്നിച്ചുകൂടും. ഒന്നുകില്‍ അവര്‍ ഓടിക്കളിക്കും. അല്ലെങ്കില്‍ വൃക്ഷശിഖരങ്ങളില്‍ കയറിയിരുന്ന്‌ വികൃതികള്‍ കാണിക്കും. അതുമല്ലെങ്കില്‍ ഏതെങ്കിലും ജന്തുക്കളുടെ പിന്നാലെ ഓടുന്നതില്‍ ഉത്സാഹം കാണിക്കും. അവിടെയുള്ള ഒരു കുട്ടിക്കും മുഷിവ്‌ അനുഭവപ്പെടുകയില്ല. എന്നാല്‍ അവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും കാണാറില്ലാത്ത ഒരു ബാലന്‍ അവിടെയുണ്ട്‌ – നാണു. ഏകാന്തമായ സ്ഥലങ്ങളോടായിരുന്നു അയാള്‍ക്ക്‌ കൂടുതല്‍ ഇഷ്ടം. മനുഷ്യസഹവാസം അയാള്‍ ഇഷ്ടപ്പെട്ടില്ലെന്നല്ല, തീര്‍ച്ചയായും കൂട്ടുകാരെ അയാള്‍ക്കിഷ്ടമായിരുന്നു. അവരോടൊത്ത്‌ അപൂര്‍വ്വമായ വിനോദങ്ങളില്‍പ്പേര്‍പ്പെടുന്നതും അയാള്‍ക്കിഷ്ടമായിരുന്നു. പക്ഷേ, വളരെ സമയം അവരുടെ മദ്ധ്യത്തില്‍ കഴിഞ്ഞുകൂടാന്‍ അയാളൊരിക്കലും മുതിര്‍ന്നിരുന്നില്ല. ആര്‍ക്കും ഹൃദ്യമായ ചില ഫലിതങ്ങള്‍ പറഞ്ഞ്‌ ചടങ്ങാതികളോടൊത്തു ചിരിച്ചതിനുശേഷം അയാള്‍ അവരോട്‌ വിടപറയും. പിന്നീട്‌ വല്ല വൃക്ഷത്തണലിലോ വൃക്ഷശാഖയിലോ അയാള്‍ ഏകനായി ഇരിക്കുകയാവും. ഈ ബാലനാണ്‌ പില്‍ക്കാലത്ത്‌ ശ്രീ നാരായണഗുരുവായി വളര്‍ന്നത്‌. ചെമ്പഴന്തി വയല്‍വാരത്തുവീട്ടില്‍ മാടനാശാന്റെയും കുട്ടിയുടെയും ഇളയസന്താനമായി 1856 (ചിങ്ങത്തിലെ ചതയം നാളില്‍) ലാണ്‌ ഗുരുദേവന്‍ ജനിച്ചത്‌.
കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്ന്‌ പഠനം പൂര്‍ത്തീകരിച്ചെങ്കിലും അതുകൊണ്ട്‌ തന്റെ പഠനം അവസാനിച്ചതായി നാണു കരുതിയില്ല. ചില ലഘുകാവ്യങ്ങള്‍ അയാള്‍ സ്വയം വായിച്ച്‌ ഹൃദിസ്ഥമാക്കി. വ്യാഖ്യാനത്തിന്റെ സഹായത്തോടെ മനസസിലാക്കുകയും ചെയ്തു. ചില വൈദ്യഗ്രന്ഥങ്ങളും അക്കാലത്ത്‌ നാണു പഠിക്കുകയുണ്ടായി. ഏതാനും വേദാന്തഗ്രന്ഥങ്ങളും അവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന്‌ പറയപ്പെടുന്നു.
പ്രൊഫ. എം.കെ.സാനു

Related News from Archive
Editor's Pick