മാവോയിസ്റ്റുകള്‍ക്ക്‌ എസ്സാര്‍ ധനസഹായം: രണ്ടുപേര്‍ പിടിയില്‍

Sunday 11 September 2011 9:58 pm IST

ഛത്തീസ്ഗഢ്‌: എസ്സാര്‍ ഗ്രൂപ്പ്‌ മാവോ ഭീകരര്‍ക്ക്‌ സംരക്ഷണത്തിനായി പണം നല്‍കുന്നുവെന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറിയ രണ്ടുപേരെ പോലീസ്‌ പിടികൂടി. എന്നാല്‍ ഇതിലൊരാളെ മനപൂര്‍വം കേസില്‍ പ്രതിയാക്കിയതാണെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. മാവോവാദികള്‍ക്ക്‌ സംരക്ഷണത്തിനായി പണം ലഭിക്കാറുണ്ടെന്ന ഗുരുതരമായ കേസിന്‌ തുമ്പുണ്ടാക്കാന്‍ രണ്ടുപേരുടെ അറസ്റ്റോടെ തങ്ങള്‍ക്ക്‌ സാധിച്ചുവെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രാദേശിക കരാറുകാരനായ ബി.കെ. ലാലയും മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിങ്കാരം കൊഡോപ്പിയുമാണ്‌ അറസ്റ്റിലായത്‌. മാവോവാദികള്‍ക്ക്‌ കൊടുക്കാനായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍നിന്ന്‌ ലാല 15 ലക്ഷം രൂപ പിന്‍വലിച്ചുവെന്നും എസ്സാര്‍ ഗ്രൂപ്പിനുവേണ്ടി ചളനാര്‍ ആഴ്ച ചന്തയില്‍വെച്ച്‌ അത്‌ മാവോവാദികള്‍ക്ക്‌ കൈമാറാനിരുന്നതാണെന്നും പോലീസ്‌ അറിയിച്ചു.