ഹോം » പ്രാദേശികം » എറണാകുളം » 

മണിപ്പൂരി കുട്ടികളുടെ സംരക്ഷണ തര്‍ക്കം തീര്‍ന്നു; ജനസേവയില്‍ യാത്രയയപ്പു നല്‍കി

September 12, 2011

കൊച്ചി: ജനസേവ ബോയ്സ്‌ ഹോമില്‍ സംരക്ഷിച്ചുവന്നിരുന്ന എട്ട്‌ മണിപ്പൂരി കുട്ടികള്‍ക്ക്‌ ജനസേവ അധികൃതരും കുട്ടികളും ചേര്‍ന്ന്‌ സ്നേഹോഷ്മളമായ യാത്രഅയപ്പു നല്‍കി. ഇംഫാല്‍ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ കെ.എച്ച്‌.പ്രേംജിത്ത്‌ സിങ്ങ്‌, കെ.മഹരബി സിങ്ങ്‌ എന്നിവരാണ്‌ ഹൈക്കോടതി വിധി പ്രകാരം എട്ട്മണിപ്പൂരി കുട്ടികളേയും വിട്ടുകൊടുക്കണമെന്ന്‌ കാണിച്ചുള്ള ഇംഫാല്‍ സിഡബ്ല്യു സിയുടെ ഉത്തരവുമായി ജനസേവ ബോയ്സ്‌ ഹോമില്‍ എത്തിയത്‌. അതു പ്രകാരം കഴിഞ്ഞ ആറുമാസത്തോളമായി ജനസേവ ബോയ്സ്‌ ഹോമില്‍ കഴിഞ്ഞിരുന്ന ജൂറിഷ്‌ (6), നൗവ്ബി (4), അസറുദ്ദീന്‍ (4), റാഹിഷ്‌ (4), ജുറീഷ്‌ (6), ആദംഖാന്‍ (6), നവാസ്ഖാന്‍ (7), ജാമോദിന്‍ (6) എന്നിവരെ ജനസേവ അധികൃതര്‍ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി ഉദ്യോഗസ്ഥര്‍ക്ക്‌ വിട്ടുകൊടുത്തു. ഈ സമയം ആലുവ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

ഫെബ്രുവരി 27 നാണ്‌ ഗുവാഹതി എക്സ്പ്രസ്സില്‍ മണിപ്പൂരില്‍നിന്നുള്ള 8 കുട്ടികളെ രണ്ട്‌ ഏജന്റുമാര്‍ ആലുവ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചത്‌. കുട്ടികളുടെ ദയനീയസ്ഥിതി കണ്ട്‌ സംശയം തോന്നിയ നാട്ടുകാരാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ ഏജന്റുമാരെ പിടികൂടുകയും എട്ടുകുട്ടികളേയും താല്‍ക്കാലിക സംരക്ഷണത്തിനായി ജനസേവ ശിശുഭവനിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ മാസം 26ന്‌ ജനസേവയില്‍ കഴിയുന്ന എട്ട്‌ മണിപ്പൂരി കുട്ടികളെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്നും ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടെന്നുമുള്ള അവകാശവാദവുമായി എറണാകുളം നെട്ടൂര്‍ ഖദീജത്തുല്‍ ഖുബ്‌റ ഓര്‍ഫനേജ്‌ അധികൃതര്‍ ജനസേവ ശിശുഭവനില്‍ എത്തിയിരുന്നു.

എന്നാല്‍ ഈ കുട്ടികളെ വിട്ടുകൊടുക്കണമെന്ന്‌ കാണിച്ച്‌ ജനസേവശിശുഭവന്‌ എറണാകുളം സിഡബ്ല്യുസിയില്‍നിന്നും രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ കുട്ടികളെ ഓര്‍ഫനേജുകാര്‍ക്ക്‌ വിട്ടുകൊടുക്കുവാന്‍ ജനസേവ അധികൃതര്‍ തയ്യാറായിരുന്നില്ല. കൂടാതെ സിഡബ്ല്യുസിയുടെ ഉത്തരവിനെതിരെ ജനസേവ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും കോടതി ജനസേവക്ക്‌ അനുകൂലമായ വിധി പുറപ്പെടുവിയ്ക്കുകയും ചെയ്തിരുന്നു.

Related News from Archive
Editor's Pick