ഹോം » പ്രാദേശികം » എറണാകുളം » 

താന്ത്രിക കര്‍മ്മങ്ങളില്‍ ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം

September 12, 2011

ആലുവ: ശാസ്ത്രീയതാന്ത്രിക കര്‍മ്മങ്ങളില്‍ ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമിശിവസ്വരൂപാനന്ദ ഉദ്ബോധിപ്പിച്ചു. മാധവജി മെമ്മോറിയല്‍ താന്ത്രിക പഠനകേന്ദ്രം ചാരിറ്റബിള്‍ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആലുവ അദ്വൈതാശ്രമത്തില്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന താന്ത്രിക പൂജ പഠനശിബിരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സ്വാമികള്‍.

അനാവശ്യമായ പുജാരീതികള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇതിന്‌ മാറ്റംവരണം. പൂര്‍വ്വജന്മസിദ്ധമായ സംസ്ക്കാരം നേടിയെടുക്കുകയാണ്‌ താന്ത്രിക പഠനത്തിലൂടെ യത്നിക്കേണ്ടതെന്ന്‌ സ്വാമികള്‍ പറഞ്ഞു. ചാരിറ്റബിള്‍ ട്രസ്റ്റ്‌ കുലപതി തന്ത്ര രത്നം അഴകത്ത്‌ ശാസ്തൃ ശര്‍മന്‍ നമ്പൂതിരിപ്പാട്‌ അദ്ധ്യക്ഷത വഹിച്ചു. മാധവജിയുടെ സ്വപ്നമാണ്‌ ഇപ്പോള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

1971 ലാണ്‌ കാഞ്ചികാമകോടി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ സാന്നിദ്ധ്യത്തില്‍ 25 പേര്‍ക്ക്‌ അദ്വൈതാശ്രമത്തില്‍ വച്ച്‌ താന്ത്രിക ദീക്ഷ നല്‍കിയിരുന്നത്‌. ഇത്‌ ചരിത്ര സംഭവമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. കാരുമാത്ര വിജയന്‍ തന്ത്രി, ടി.പി.സൗമിത്രന്‍ ശാന്തി, എസ്‌എന്‍ഡിപി യോഗം കൗണ്‍സിലര്‍ ഇ.കെ.മുരളീധരന്‍ മാസ്റ്റര്‍, കെ.എസ്‌.ചന്ദ്രസേനന്‍ശാന്തി എന്നിവര്‍ പ്രസംഗിച്ചു. 14ന്‌ ശിബിരം സമാപിക്കും. സമാപനസമ്മേളനം എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick