കോലഞ്ചേരിയിലെ അവകാശ തര്‍ക്കം ഹൈക്കോടതിയിലേക്ക്

Tuesday 13 September 2011 5:08 pm IST

കൊച്ചി : കോലഞ്ചേരി പള്ളിയുടെ അവകാശത്തിന്‌ വേണ്ടിയുള്ള സമരം ശക്തമാക്കാന്‍ ഇരുസഭകളും തീരുമാനിച്ചു. മറ്റ്‌ ഇടവകകളിലേക്ക്‌ പ്രക്ഷോഭം വ്യാപിപ്പിക്കുവാന്‍ ഓര്‍ത്തഡോക്സ്‌ സഭ തീരുമാനിച്ചപ്പോള്‍ സരമത്തില്‍ നിന്ന്‌ പുറകോട്ട്‌ പോകില്ലെന്ന്‌ യാക്കോബായ വിഭാഗവും വ്യക്തമാക്കി. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഹൈക്കോടതിയുടെ സഹായം തേടി. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയുടെ മീഡിയേഷന്‍ സെല്ലിനെയാണ്‌ ജില്ലാ ഭരണകൂടം സമീപിച്ചിരിക്കുന്നത്‌. പള്ളിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഒരു ക്രമസമാധാന പ്രശ്‌നമായി മാറിക്കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നടത്തിയ സമവായ ചര്‍ച്ച ഫലം കണ്ടിരുന്നില്ല. ഇരു വിഭാഗത്തിന്റെയും കാതോലിക്ക ബാവമാര്‍ നടത്തുന്ന ഉപവാസം അവസാനിപ്പിക്കണമെന്നും കോലഞ്ചേരി പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കണമെന്നുമാണ് ജില്ലാ ഭരണകൂടം മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല. എന്നാല്‍, ഇത് രണ്ടു വിഭാഗങ്ങളും അംഗീകരിച്ചിട്ടില്ല.