ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ഗ്രന്ഥശാലാദിനത്തിലും നഗരസഭയിലെ ഗ്രന്ഥശാലകള്‍ക്ക്‌ അവഗണന

September 13, 2011

മട്ടാഞ്ചേരി: കൊച്ചികോര്‍പ്പറേഷന്റെ കീഴിലുള്ള ലൈബ്രറികള്‍ അവഗണനയെത്തുടര്‍ന്ന്‌ നാശോത്മുഖമാകുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങുന്നു. കോര്‍പ്പേറേഷന്റെ കീഴിലുള്ള അഞ്ച്‌ ലൈബ്രറികളും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കാത്തതാണ്‌ പ്രതിഷേധത്തിനിടയാക്കുന്നത്‌. ഗ്രന്ഥശാലാ ദിനമായ ബുധനാഴ്ച ഫോര്‍ട്ടുകൊച്ചിയിലെ ലൈബ്രറിക്ക്‌ മുന്നില്‍ കണ്ണുകെട്ടിക്കൊണ്ടുള്ള പ്രതിഷേധവും എറണാകുളം നഗരസഭാ ഓഫീസിന്‌ മുന്നില്‍ പുസ്തകങ്ങള്‍ ചങ്ങലയുമായി ബന്ധിപ്പിച്ച്‌ കൊണ്ടുള്ള സമരവുമാണ്‌ അരങ്ങേറുന്നത്‌. കൊച്ചിന്‍ കോര്‍പ്പറേഷന്റെ അവഗണനയ്ക്കെതിരെ കോടതിയെ സമീപിക്കാനും ഒരു വിഭാഗം തയ്യാറെടുക്കുകയുമാണ്‌.

കൊച്ചിന്‍ കോര്‍പ്പറേഷന്റെ കീഴിലായി അഞ്ച്‌ ഗ്രന്ഥശാല- വായനാശാലകളാണ്‌ ഇപ്പോഴുള്ളത്‌. വൈറ്റില, പള്ളുരുത്തി, ചുള്ളിക്കല്‍, അമരാവതി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങിളിലാണ്‌ നഗരസഭാ ഗ്രന്ഥശാലകളുള്ളത്‌. സ്വതന്ത്ര ഇന്ത്യയില്‍ ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാനായിരുന്ന കെ.ജെ.ഹര്‍ഷലിന്റെ സ്മാരകമായാണ്‌ ഫോര്‍ട്ടുകൊച്ചി ലൈബ്രറി പ്രവര്‍ത്തിക്കുന്നത്‌. കോര്‍പ്പേറേഷന്റെ ഫോര്‍ട്ടുകൊച്ചി മേഖലാ ഓഫീസിന്‌ തൊട്ടടുത്തുള്ള ഗ്രന്ഥശാല മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലന്ന്‌ വായനക്കാര്‍ പറയുന്നു. ഒട്ടേറെ അമൂല്യപുസ്തകങ്ങളുള്ളതാണീ ഗ്രന്ഥശാല. കോര്‍പ്പറേഷന്‍ കൗണ്‍സിലറും ലൈബ്രറി കൗണ്‍സില്‍ അംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ എല്‍.ജി.പൈയുടെ ഓര്‍മ്മയുമായാണ്‌ അമരാവതിയിലെ നഗരസഭാ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്‌. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഇവിടെ ചിലപ്പോള്‍ പത്രവായന ശാലയും പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു.

മുന്‍ മന്ത്രിയും, സാമൂഹ്യ- രാഷ്ട്രീയ- തൊഴിലാളി- സമുദായസംഘടനാനേതാവായ എം.കെ.രാഘവന്റെ സ്മരണയിലുള്ളതാണ്‌ ചുള്ളിക്കല്‍ ലൈബ്രറി. ലക്ഷക്കണക്കിന്‌ രൂപയുടെ കംപ്യൂട്ടര്‍ ഉപകരണങ്ങളും, ഒട്ടേറെ അമൂല്യഗ്രന്ഥങ്ങളുമുള്ള ചുള്ളിക്കല്‍ ലൈബ്രറി തികഞ്ഞ അവഗണനയിലാണ്‌. ഇവിടത്തെ ലൈബ്രറി കെട്ടിടത്തില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ഹെല്‍ത്ത്‌ സര്‍ക്കിള്‍ ഓഫീസ്‌ പ്രതിഷേധത്തെ തുടര്‍ന്ന്‌ അടച്ചു പൂട്ടിയെങ്കിലും, പിന്നീട്‌ ഹോമിയോഡിസ്പെന്‍സറിയും അംഗന്‍വാടിയും തുടങ്ങുകയും ചെയ്തു. ഇവിടെ ഇനിയും അംഗന്‍വാടിയും കമ്മ്യൂണിറ്റിഹാളും നിര്‍മിക്കാനാണ്‌ അധികൃതരുടെ പുതിയ നീക്കമെന്നും പറയുന്നു. ഇതോടെ ലൈബ്രറിയും വായനശാലയും ഇല്ലാതാകുമെന്ന്‌ ജനങ്ങള്‍ ചൂണ്ടിക്കാട്ടി.

പള്ളുരുത്തി വെളിയിലുള്ള പബ്ലിക്‌ ലൈബ്രറി മാസങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്‌. ലൈബ്രറികെട്ടിടം കോര്‍പ്പറേഷന്റെ ഇതര ഓഫീസുകള്‍ക്കായി ഉപയോഗിച്ചു തുടങ്ങിയതോടെ ഇതിന്റെ മരണമണിയും മുഴങ്ങിക്കഴിഞ്ഞു. സ്ഥിരം ലൈബ്രേറിയനുള്ള വൈറ്റിലയിലെ ഗ്രന്ഥശാലയാകട്ടെ ജനോപകാര പ്രദമല്ലെന്നാണ്‌ പരാതി. അംഗത്വം ലഭിക്കുന്നതിനും പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിലുമുള്ള പിഴവുകള്‍ ഇവിടെയും താളപ്പിഴകള്‍ക്കിടയാക്കുകയും ചെയ്തു.

കോര്‍പ്പറേഷന്‍ ലൈബ്രറികളില്‍ സ്ഥിരമായി ലൈബ്രേറിയന്‍മാരെ നിയമിക്കാത്തതാണ്‌ ഗ്രന്ഥശാല പ്രവര്‍ത്തനം തകരാറിലാകുവാന്‍ കാരണമെന്ന്‌ മുന്‍കാല പ്രവര്‍ത്തകര്‍ പറയുന്നു. കൊച്ചികോര്‍പ്പറേഷന്റെ ഇടതുപക്ഷഭരണത്തില്‍ മുന്‍ ഡെപ്യൂട്ടിമേയറുടെ പിടിവാശിമൂലം തുടങ്ങിയ ലൈബ്രറി അവഗണനയും അടച്ചുപൂട്ടുകയും ഒട്ടേറെ വായനക്കാരെയാണ്‌ വലയ്ക്കുന്നത്‌. സര്‍ക്കാരില്‍നിന്നും, വിദേശ ഏജന്‍സികളില്‍നിന്നും, ഇതരസന്നദ്ധ സംഘടനകളില്‍നിന്നുമായി ലഭിച്ച ഉപകരണങ്ങളും സംവിധാനങ്ങളും പുസ്തകങ്ങളും നാശോന്മുഖമാകുമ്പോള്‍ നഗരസഭ കരം ഈടാക്കുന്നതില്‍ ഒരു വിഹിതം ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങുമ്പോഴും അധികൃതര്‍ നഗരസഭാ ഗ്രന്ഥശാല- വായനശാലകള്‍ക്ക്‌ നേരെ നടത്തുന്ന അവഗണയും, അലംഭാവവും ഏറെ പ്രതിഷേധാര്‍ഹമാണെന്ന്‌ ജനകീയ -സാമൂഹ്യ സംഘടനകള്‍ പറയുന്നു. ഗ്രന്ഥശാലാ ദിനത്തില്‍ പ്രാരംഭംകുറിക്കുന്ന പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കുവാനാണ്‌ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്‌. കോര്‍പ്പറേഷന്‍ ലൈബ്രറികള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും, മതിയായ സൗകര്യമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ അവഗണനയ്ക്കെതിരെ കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്‌ ജനകീയ സംഘടനകള്‍.

എസ്‌.കൃഷ്ണകുമാര്‍:-

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick