കേരളത്തിന്‌ വിമര്‍ശനം

Wednesday 14 September 2011 11:00 am IST

ന്യൂദല്‍ഹി: പുറമ്പോക്കിലെ ആരാധനാലയങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന്‌ കേരളസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത്‌ 901 ആരാധനാലയങ്ങള്‍ പുറമ്പോക്കിലാണെന്ന്‌ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ്‌ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ 2009 ഡിസംബര്‍ ഏഴിന്‌ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിറക്കിയിരുന്നു. ഇത്‌ പാലിക്കപ്പെടാഞ്ഞതിനാണ്‌ സുപ്രീംകോടതി ഇന്നലെ സര്‍ക്കാരിനെ വിമര്‍ശിച്ചത്‌. 901 ആരാധനാലയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ്‌ മാറ്റിയതെന്നായിരുന്നു ചീഫ്‌ സെക്രട്ടറി ഇന്നലെ സത്യവാങ്മൂലം നല്‍കിയത്‌. തൃശൂരില്‍ രണ്ടെണ്ണവും കോട്ടയത്ത്‌ ഒരെണ്ണവും. പുറമ്പോക്കില്‍ 901 ആരാധനാലയങ്ങള്‍ ഉണ്ടെന്ന്‌ പറഞ്ഞതല്ലാതെ ഇവ ഏതെന്നു പോലും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പു കാലമായതിനാലായിരുന്നു പുറമ്പോക്കിലെ ആരാധനാലയങ്ങള്‍ മാറ്റുന്നതില്‍ കാലതാമസമുണ്ടായതെന്ന ചീഫ്‌ സെക്രട്ടറിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു. ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗുജറാത്തില്‍ 1200 ക്ഷേത്രങ്ങളും 260 മുസ്ലീം പള്ളികളും പുറമ്പോക്കു ഭൂമി കൈവശപ്പെടുത്തി നിര്‍മിച്ചതാണെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന്‌ അഹമ്മദാബാദ്‌ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ്‌ പുറമ്പോക്കിലെ ആരാധനാലയങ്ങള്‍ക്ക്‌ എതിരെ നടപടി സ്വീകരിക്കാന്‍ കാരണം. ഈ ആരാധനാലയങ്ങള്‍ ഉടന്‍ മാറ്റണമെന്ന്‌ കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ആരാധനാലയവുമായി ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ്‌ വിധിയെന്നായിരുന്നു എതിര്‍കക്ഷികളുടെ നിലപാട്‌. രാജ്യത്തുടനീളം ഇതേ രീതിയില്‍ അനധികൃത ആരാധനാലയ നിര്‍മാണമുണ്ടായിട്ടുണ്ടെന്ന്‌ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം ആരാധനാലയങ്ങളുടെ പട്ടിക തരാന്‍ കോടതി ആവശ്യപ്പെട്ടത്‌. ഗുജറാത്തില്‍ സമാനരീതിയില്‍ പുറമ്പോക്ക്‌ കയ്യേറി നിര്‍മിച്ചിരുന്ന ഒട്ടേറെ ആരാധനാലയങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു സംസ്ഥാനത്ത്‌ ഈ നടപടി പൂര്‍ത്തിയാക്കിയത്‌. എതിര്‍പ്പുമായി ആരും രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമായി. ഗുജറാത്തിന്റെ വികസനകാര്യങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന്‌ തെളിയിച്ചുകൊണ്ടാണ്‌ സര്‍ക്കാരിന്റെ സുപ്രധാന ദൗത്യവുമായി ജനങ്ങള്‍ സഹകരിച്ചത്‌.