ഹോം » കേരളം » 

വിഎസിനെതിരെ എം.ബി.രാജേഷിന്റെ വിമര്‍ശനം

September 13, 2011

കണ്ണൂര്‍: പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട്‌ എം.ബി.രാജേഷ്‌ നടത്തിയ ഒളിയമ്പ്‌ വിവാദമാകുന്നു. ചിലര്‍ ബാലകൃഷ്ണപിള്ളക്കും കുഞ്ഞാലിക്കുട്ടിക്കും പിന്നാലെ പോയി എളുപ്പം കയ്യടി നേടാന്‍ ശ്രമിക്കുകയാണെന്നും ഇതിനിടയില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തമസ്കരിക്കപ്പെടുകയാണെന്നുമുള്ള രാജേഷിന്റെ പരാമര്‍ശമാണ്‌ വിവാദമായിരിക്കുന്നത്‌. ഇന്നലെ ഡിവൈഎഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെയാണ്‌ രാജേഷ്‌ അച്യുതാനന്ദനെ ഉദ്ദേശിച്ച്‌ പരിഹാസം നിറഞ്ഞ പരാമര്‍ശം നടത്തിയത്‌.

ഈ വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ വന്നതിനെ തൊട്ടുപിന്നാലെ തന്നെ രാജേഷ്‌ പത്രസമ്മേളനം നടത്തി ഇങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയണെന്നും കുറ്റപ്പെടുത്തി. താന്‍ നടത്തിയതായി മാധ്യമങ്ങളില്‍ വന്നത്‌ മാധ്യമ ഗുണ്ടായിസമാണെന്നും മാധ്യമങ്ങള്‍ നുണപ്രചാരണം പ്രൊഫഷനായി സ്വീകരിക്കുന്നത്‌ ശരിയല്ലെന്നും രാജേഷ്‌ പറഞ്ഞു. വിവാദത്തിന്റെ ചോര കൊതിക്കുന്ന അറവുകാരന്റെ മനോഭാവത്തോടെ വസ്തുതകള്‍ മാധ്യമങ്ങള്‍ വക്രീകരിച്ച്‌ അവതരിപ്പിക്കുകയാണെന്നും പത്രസമ്മേളനത്തില്‍ രോഷാകുലനായി രാജേഷ്‌ പറഞ്ഞു.

എന്നാല്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ മാധ്യമങ്ങളുടെ കയ്യിലുണ്ടെന്നിരിക്കെ രാജേഷ്‌ നടത്തിയ പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദമായിരിക്കുകയാണ്‌. വിഎസിനെതിരെ രാജേഷ്‌ നടത്തിയ വിമര്‍ശനം സിപിഎമ്മിനകത്ത്‌ ഗ്രൂപ്പ്‌ പോര്‌ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയുമാണ്‌.

Related News from Archive
Editor's Pick