ഹോം » പ്രാദേശികം » കോട്ടയം » 

സൌത്ത്‌ വാട്ടര്‍ കുടിവെള്ള പദ്ധതിക്ക്‌ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായി: പരാതിക്കെതിരെ ജലവകുപ്പ്‌ കോടതിയിലേക്ക്‌

September 13, 2011

സ്വന്തം ലേഖകന്‍
എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ കൂടി പ്രയോജനം ലഭിക്കുന്നതിനായി കോടികള്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന എരുമേലി സൌത്ത്‌ വാട്ടര്‍ സപ്ളൈ കുടിവെള്ള വിതരണ പദ്ധതിയുടെ സ്ഥലമെടുപ്പ്‌ റവന്യൂവകുപ്പ്‌ പൂര്‍ത്തിയാക്കി. എന്നാല്‍ പദ്ധതിക്കതിരെ ഒരു സ്ഥലമുടമ ആദ്യമായി നല്‍കിയ പരാതിയുമായി ജലവിതരണ വകുപ്പ്‌ കോടതിയിലേക്ക്‌. പദ്ധതി നടപ്പാക്കുന്നതിനായി പൈപ്പ്ളൈന്‍ സ്ഥാപിക്കല്‍, കിണറുകള്‍ സ്ഥാപിക്കല്‍, വാട്ടര്‍ ടാങ്ക്‌ എന്നിവക്കായുള്ള സ്ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ടാക്കുന്ന ജോലിയാണ്‌ റവന്യൂ വകുപ്പ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഇതിനിടെ എരുമേലി കനകപ്പലം സ്വദേശിയായ സ്ഥലമുടമയാണ്‌ മുമ്പ്‌ നല്‍കിയ വാഗ്ദാനം മാറ്റിക്കൊണ്ട്‌ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. പൈപ്പ്ളൈന്‍ സ്ഥാപിക്കുന്നതിനായി സ്ഥലമുടമ നേരത്തെ ജലവിതരണവകുപ്പിന്‌ സ്ഥലം എടുക്കുന്നതിന്‌ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ സ്ഥലപരിശോധനക്കെത്തിയപ്പോള്‍ ആദ്യം നല്‍കാമെന്ന്‌ പറഞ്ഞ സ്ഥലത്തിന്‌ പകരം അയാളുടെ തന്നെ വകയായുള്ള മറ്റൊരു സ്ഥലം എടുക്കാന്‍ ആവശ്യപ്പെട്ടാണ്‌ കനകപ്പലം സ്വദേശി രംഗത്തെത്തിയത്‌. എന്നാല്‍ ഇത്‌ അധികൃതര്‍ സ്വീകാര്യമല്ലെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ സംഭവം കോടതിയിലെത്തിയത്‌. ൧൯൮൬ലാണ്‌ ബൃഹത്തായ സൌത്ത്‌ വാട്ടര്‍ സപ്ളൈ പദ്ധതിക്ക്‌ സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്‌. എന്നാല്‍ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആണ്‌ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറാകാതിരുന്നതാണ്‌ പരാതി ഇതുവരെ വൈകാന്‍ കാരണമായത്‌. എരുമേലി, മണിമല, പാറത്തോട്‌, വെച്ചുച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകളെ മാത്രം ഉള്‍പ്പെടുത്തിയ പദ്ധതിക്കായി ൬൦ കോടി രൂപയാണ്‌ സര്‍ക്കാര്‍ വക കൊള്ളിച്ചിരിക്കുന്നത്‌. പമ്പാനദിയിലെ പെരുന്തേനരുവിയിലെ കൊല്ലമുള വില്ലേജില്‍ ടാങ്ക്‌ സ്ഥാപിച്ച്‌ കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ യഥാസമയം സ്ഥലം അളന്നു തിരിച്ചി ഉടമസ്ഥാവകാശപ്പെടുത്താനുള്ള നടപടി ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതാണ്‌ പദ്ധതി നിര്‍വ്വഹണത്തിന്‌ പുതിയ തടസ്സത്തിന്‌ വഴിയൊരുക്കിയത്‌. പദ്ധതിക്കായുള്ള സ്ഥലം റവന്യുവകുപ്പ്‌ നിശ്ചയപ്പെടുത്തിയതിനു ശേഷം അവ അളന്ന്‌ തിട്ടപ്പെടുത്തി അതിര്‌ തിരിച്ച്‌ അതിര്‍ത്തി നിശ്ചയിക്കേണ്ടത്‌ ജലവിതരണ വകുപ്പാണ്‌. എന്നാല്‍ ഇതു സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടുകയാണെന്നും ആരോപണമുണ്ട്‌. ശബരിമല തീര്‍ത്ഥാടന വേളയിലടക്കം വരുന്ന കടുത്ത കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ കോടതിയിലെത്തിയതോടെ അനിശ്ചിതത്വം പദ്ധതിയെ സാരമായി ബാധിക്കുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Related News from Archive
Editor's Pick