ഹോം » പൊതുവാര്‍ത്ത » 

കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചവര്‍ തിരിച്ചെത്തി

June 24, 2011

ന്യൂദല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ്‌ രണ്ടിന്‌ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലായ എം.വി സൂയസിലെ ഇന്ത്യക്കാരായ ആറ്‌ ജീവനക്കാര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. പതിനൊന്ന്‌ മാസത്തോളം നീണ്ട ദുരിതപൂര്‍ണമായ തടവുജീവിതത്തിനുശേഷം സ്വതന്ത്രരായി ദല്‍ഹി അന്താരാഷ്ട്ര വിമാനത്തവളത്തിലെത്തിയ ഇവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണി സമാഹരിച്ച 2.1 മില്യണ്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനുശേഷമാണ്‌ കടല്‍ക്കൊള്ളക്കാര്‍ ഇവരെ വിട്ടയച്ചത്‌. തങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ച പാക്‌ അധികൃതരോട്‌ കൃതജ്ഞതയുണ്ടെന്ന്‌ അറിയിച്ച ആറുപേരും പക്ഷെ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സഹായങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാന്‍ തയ്യാറായില്ല. ആറ്‌ ഇന്ത്യക്കാരും പതിനൊന്ന്‌ ഈജിപ്തുകാരും നാല്‌ പാക്കിസ്ഥാന്‍കാരും ഒരു ശ്രീലങ്കക്കാരനുമടക്കം ഇരുപത്തിരണ്ട്‌ ജീവനക്കാരാണ്‌ എംവി സൂയസിലുണ്ടായിരുന്നത്‌. ഏദന്‍ കടലിടുക്കില്‍നിന്നുമാണ്‌ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ടത്‌.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കപ്പലിലെ ജീവനക്കാര്‍ സ്വതന്ത്രരായെങ്കിലും ഇന്ധനം തീര്‍ന്നതു നിമിത്തം എംവി സൂയസ്‌ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ ഇതിലുള്ള ജീവനക്കാരെ പാക്‌ കപ്പലായ പിഎന്‍എസ്‌ ബാബറിലേക്ക്‌ മാറ്റുകയും ഇവരെ പിന്നീട്‌ പിഎന്‍എസ്‌ സുള്‍ഫിക്കര്‍ എന്ന കപ്പലില്‍ കയറ്റി കറാച്ചിയിലെത്തിക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി കറാച്ചിയിലെത്തിയ കപ്പല്‍ജീവനക്കാരിലെ ആറ്‌ ഇന്ത്യക്കാരും ദുബായ്‌ മാര്‍ഗം ദല്‍ഹിയിലെത്തുകയാണുണ്ടായത്‌.
ഇതോടൊപ്പം സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നും തങ്ങള്‍ക്ക്‌ മനുഷ്യത്വരഹിതമായ പീഡനങ്ങളാണ്‌ നേരിടേണ്ടിവന്നതെന്ന്‌ ദല്‍ഹിയിലെത്തിയ സൂയസ്‌ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍ മദ്യപിച്ചുകഴിഞ്ഞാല്‍ കയ്യില്‍ കിട്ടുന്ന വസ്തുക്കളുപയോഗിച്ച്‌ മര്‍ദ്ദിക്കുമായിരുന്നെന്നും അവര്‍ തങ്ങളെ കൊല്ലുമെന്ന്‌ തന്നെയാണ്‌ കരുതിയിരുന്നതെന്നും കപ്പല്‍ജീവനക്കാരനായിരുന്ന എന്‍.കെ. ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഒരിക്കലും നാട്ടിലേക്ക്‌ മടങ്ങാന്‍ കഴിയുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നുവെന്നും തിരികെയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മറ്റൊരു ജീവനക്കാരനായ രവീന്ദര്‍സിംഗ്‌ അഭിപ്രായപ്പെട്ടു. ദിവസങ്ങളോളം ഞങ്ങള്‍ പട്ടിണി കിടക്കുകയുണ്ടായി. ആഴ്ചയിലൊരിക്കല്‍ മാത്രമാണ്‌ അല്‍പം ചോറും ഉരുളക്കിഴങ്ങ്‌ കറിയും കിട്ടിയിരുന്നത്‌. പല ദിവസങ്ങളിലും വെള്ളം മാത്രം കുടിച്ച്‌ വിശപ്പടക്കേണ്ടിവന്നിട്ടുണ്ട്‌, നാവികര്‍ നേരിട്ട അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ വെളിപ്പെടുത്തി.
എന്നാല്‍ ശാരീരിക പീഡനങ്ങള്‍ സഹിക്കാമായിരുന്നുവെങ്കിലും ഇന്ധനം തീരാറായതിനെത്തുടര്‍ന്ന്‌ കപ്പല്‍ മുക്കിക്കളയാനുള്ള കടല്‍ക്കൊള്ളക്കാരുടെ തീരുമാനമാണ്‌ തങ്ങളെ ഏറ്റവും ഭയപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു. കറാച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പോലും കുടുംബാംഗങ്ങളെ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഈ സമാഗമം തികച്ചും അവിസ്മരണീയമാണ്‌, പ്രശാന്ത്‌ ചൗഹാന്‍ അറിയിച്ചു. തങ്ങളുടെ മോചനത്തിനായി പരിശ്രമിച്ച പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണിയോടുള്ള നന്ദി പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള മാധ്യമങ്ങള്‍ തങ്ങളെ ഏറെ സഹായിച്ചതായി മറ്റൊരു ജീവനക്കാരനായ രവീന്ദര്‍ പറഞ്ഞു. ഇതിനിടയില്‍ വീട്ടിലേക്ക്‌ മടങ്ങാന്‍ തനിക്ക്‌ തിടുക്കമായെന്നാണ്‌ തിരുവനന്തപുരം സ്വദേശിയായ ബിജു മാധ്യമങ്ങളോട്‌ പറഞ്ഞത്‌. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായില്ലെന്ന ആരോപണം ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ടുമുണ്ട്‌. ഇന്ത്യന്‍ നാവികര്‍ നാട്ടില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇവരുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ച പാക്‌ സര്‍ക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായും വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ മാധ്യമങ്ങളെ അറിയിച്ചു. ദല്‍ഹിയിലെത്തിയ ആറുപേരും ഉടന്‍തന്നെ സ്വദേശങ്ങളിലേക്ക്‌ മടങ്ങുമെന്നാണ്‌ സൂചന.

Related News from Archive

Editor's Pick