ഹോം » ഭാരതം » 

പരമക്കുടി സംഭവം: ഏകപക്ഷീയമായി നടപടി എടുക്കാനാവില്ല-ജയലളിത

September 14, 2011

ചെന്നൈ: ഞായറാഴ്ച പരമക്കുടിയില്‍ ഉണ്ടായ പോലീസ്‌ വെടിവെപ്പില്‍ ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ജയലളിത നിഷേധിച്ചു. സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏകപക്ഷീയമായ നടപടി എടുക്കാനാവില്ലെന്ന്‌ ജയലളിത ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്‌ അസംബ്ലിയില്‍ ഇതേച്ചൊല്ലി ഇടതു പാര്‍ട്ടികളും പുതിയതമിഴകവും സഭയില്‍നിന്ന്‌ വാക്കൗട്ട്‌ നടത്തി. പ്രശ്നം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. ഒരു റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്ജി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരുടെ ശുപാര്‍ശകള്‍ക്കായി സര്‍ക്കാരിന്‌ കാത്തിരിക്കേണ്ടി വരുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

സപ്തംബര്‍ 17 ന്‌ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഎം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഞായറാഴ്ച പരമക്കുടിയില്‍ ദളിതര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഏഴ്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. ദളിത്‌ നേതാവ്‌ ജോണ്‍ പാണ്ഡ്യന്റെ അറസ്റ്റിന്‍ തുടര്‍ന്നായിരുന്നു സംഭവം.

Related News from Archive
Editor's Pick