ഹോം » പ്രാദേശികം » എറണാകുളം » 

കുടിവെള്ളത്തിന്‌ സിഐടിയു പിടിച്ചുപറി: പേഴ്സിന്‍ ബോട്ടുകള്‍ കൊച്ചിഹാര്‍ബര്‍ ബഹിഷ്ക്കരിക്കും

September 14, 2011

മട്ടാഞ്ചേരി: മത്സ്യ ബന്ധനബോട്ടുകള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതിലൂടെ സിഐടിയു വിഭാഗം നടത്തുന്ന പകല്‍ കൊള്ളയും, അതിക്രമങ്ങളും പിടിച്ചു പറിയും അവസാനിപ്പിക്കണമെന്നും, സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട്‌ പേഴ്സിന്‍ മത്സ്യബന്ധന ബോട്ടുകള്‍ കൊച്ചി ഹാര്‍ബര്‍ ബഹിഷ്ക്കരിക്കുന്നു. സമരത്തിന്റെ ആദ്യഘട്ടമായി സപ്തംബര്‍ 19ന്‌ പേഴ്സിന്‍ ബോട്ട്‌ മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി. ഹാര്‍ബര്‍ എന്‍ഞ്ചിനീയറുടെ ഓഫീസിലേയ്ക്ക്‌ മാര്‍ച്ച്‌ നടത്തും. 20 മുതല്‍ പേഴ്സിന്‍ ബോട്ടുകള്‍ തോപ്പുംപടിയിലുള്ള കൊച്ചി ഫിഷറീസ്‌ ഹാര്‍ബര്‍ ബഹിഷ്കരിക്കുകയും ചെയ്യുമെന്ന്‌ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്‌ ലാല്‍കോയിപ്പറമ്പില്‍, സെക്രട്ടറി വി.ഡി.സാലന്‍ എന്നിവര്‍ പറഞ്ഞു.

പ്രതിദിനം 70 ഓളം മത്സ്യബന്ധന ബോട്ടുകളാണ്‌ കൊച്ചിഫിഷറീസ്‌ ഹാര്‍ബറിലെത്തി മത്സ്യവിപണനം നടത്തുന്നത്‌. ഇവയില്‍ 60 ഉം പേഴ്സിന്‍ ബോട്ടുകളാണ്‌. ഹാര്‍ബറിലെത്തുന്ന ബോട്ടുകള്‍ക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ സിഐടിയു പിടിച്ചുപറി നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ബോട്ടുകള്‍ക്ക്‌ നാല്‍കുന്നതിന്‌ 1000 ലീറ്റര്‍ കുടിവെള്ളത്തിന്‌ 150 രൂപ ഈടാക്കുമ്പോള്‍, ഇതിനുള്ള കരാര്‍ ഏറ്റെടുത്തആളെമാറ്റി നിര്‍ത്തി കുടിവെള്ളത്തിന്‌ ബോട്ടുകളുടെ ലഭ്യത മത്സ്യവരുമാനത്തിന്റെ മൂന്ന്‌ ശതമാനമാണ്‌ സിഐടിയു ഈടാക്കുന്നത്‌. ബോട്ടോന്നിന്‌ 5000, 6000 രൂപവരെയാണ്‌ ഇതിലൂടെ ഈ വിഭാഗത്തിന്‌ ലഭിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതുമായി ബന്ധപ്പെട്ട്‌ പോര്‍ട്ട്‌ അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും, ആര്‌ പറഞ്ഞാലും ഞങ്ങളുടെ രീതിയില്‍ നിന്നും പിന്മാറില്ല എന്ന സമീപനമാണ്‌ സിഐടിയുവും, രാഷ്ട്രീയ നേതൃത്വവും കൈക്കൊണ്ടിരിക്കുന്ന സമീപനമെന്ന്‌ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്‌ പിടിച്ചുപറിയും, അതിക്രമവുമാണ്‌. ഇതിനെതിരെ ശക്തമായി രംഗത്തുവരുന്നതിന്റെ സൂചനാ സമരമാണ്‌ മാര്‍ച്ചും, ബഹിഷ്കരണവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick