ഹോം » പൊതുവാര്‍ത്ത » 

വയലാറിന്റെ മരണകാരണം വിവാദമാകുന്നു

September 14, 2011

കൊല്ലം: മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മയുടെ മരണത്തിനിടയാക്കിയത്‌ ആശുപത്രിയിലെ അശ്രദ്ധ മൂലമാണെന്ന വെളിപ്പെടുത്തല്‍ വിവാദമാവുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശസ്ത്രക്രിയാ വേളയില്‍ രക്തം നല്‍കിയപ്പോള്‍ ‘ഗൂപ്പ്‌’ മാറിപ്പോയതാണ്‌ വയലാറിന്റെ മരണത്തിനിടയാക്കിയതെന്ന്‌ പുനലൂരില്‍ ഒരു പൊതുചടങ്ങില്‍ വെളിപ്പെടുത്തിയത്‌ കവി ഏഴാച്ചേരി രാമചന്ദ്രനാണ്‌.

മൂന്നര പതിറ്റാണ്ട്‌ മുമ്പ്‌ നടന്ന സംഭവം വയലാറിനെ ചികിത്സിച്ച പ്രസിദ്ധ ഭിഷഗ്വരന്‍ പി.കെ.ആര്‍.വാര്യര്‍ക്ക്‌ അറിയാമായിരുന്നു. വിവാദം ഭയന്നാണ്‌ വാര്യര്‍ അക്കാര്യം പുറത്തറിയിക്കാത്തത്‌. രോഗബാധിതനായ വയലാറിനെ അന്ന്‌ ശസ്ത്രക്രിയക്ക്‌ വിധേയനാക്കി. ശസ്ത്രക്രിയ വിജയമായിരുന്നു. പക്ഷേ രോഗി മരിച്ചു. ശസ്ത്രക്രിയക്കുശേഷം പെട്ടെന്നുണ്ടായ വിറയലിനിടയില്‍ വയലാര്‍ അന്ത്യശ്വാസം വലിച്ചു.

രക്തം മാറി കുത്തിവെച്ചതിനാലാണ്‌ വയലാര്‍ മരിച്ചതെന്ന സത്യം ചിലര്‍ക്ക്‌ അന്നറിയാമായിരുന്നു. അവരാരും ഇന്ന്‌ ജീവിച്ചിരിപ്പില്ല. മരണകാരണം പുറത്തറിയിക്കണമെന്ന്‌ താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിവാദം ഭയന്ന്‌ ആരും അതിന്‌ തയ്യാറായില്ലെന്ന്‌ ഏഴാച്ചേരി പറഞ്ഞു. ബോധപൂര്‍വമാണ്‌ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി അക്കാര്യം രഹസ്യമായി സൂക്ഷിച്ചത്‌.

പുനലൂരില്‍ കല, സാംസ്ക്കാരിക സമിതി സംഘടിപ്പിച്ച സാഹിത്യ പുരസ്ക്കാരച്ചടങ്ങിലാണ്‌ ഏഴാച്ചേരി വയലാറിന്റെ മരണകാരണം വെളിപ്പെടുത്തിയത്‌. കവിതയിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും മലയാളമനസ്സില്‍ വയലാര്‍ എന്നെന്നും ജീവിച്ചിരിക്കുമെന്ന്‌ ഏഴാച്ചേരി അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick