ഹോം » പൊതുവാര്‍ത്ത » 

അയോധ്യാക്കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള ശ്രമം തകര്‍ത്തു – ചിദംബരം

September 15, 2011

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള സിമിയുടെ ശ്രമം പോലീസ്‌ തകര്‍ത്തതായി ആഭ്യന്തരമന്ത്രി പി ചിദംബരം വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിനു ശേഷം 51 ഭീകരാക്രമണ നീക്കങ്ങളാണ്‌ പോലീസ്‌ തകര്‍ത്തതെന്നും ചിദംബരം പറഞ്ഞു.

ദല്‍ഹിയില്‍ സംസ്ഥാന പോലീസ്‌ മേധാവികളുടെ ത്രിദിന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണി കനത്ത വെല്ലുവിളിയാണെന്നും ചിദംബരം പറഞ്ഞു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയാണ്.

ഭീകരതയെ പ്രതിരോധിക്കുകയെന്നത്‌ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എന്നാല്‍ രണ്ടു മാസത്തിനിടെ രണ്ടു ഭീകരാക്രണങ്ങള്‍ നേരിട്ടതു രാജ്യത്തിനേറ്റ കളങ്കമാണ്. ഭീകരവാദത്തിലേക്കു യുവാക്കളെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലും ശ്രമം നടക്കുന്നു. ഇന്ത്യയ്ക്ക് നേരെയുള്ള ഭീകരാക്രമണ ശ്രമങ്ങളെ തകര്‍ക്കാന്‍ രാജ്യത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങളില്‍ അടുത്തിടെ കുറവുണ്ടായതായും ചിദംബരം വ്യക്തമാക്കി.

എന്നാല്‍ ബിഹാര്‍, ഒറീസ, ജാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ അക്രമങ്ങള്‍ക്ക്‌ കുറവ്‌ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നക്സലിസം ഏറ്റവും അക്രമാസക്തമായിരിക്കുന്നത് ഇന്ത്യയിലാണ്. ഇടതുതീവ്രവാദം രാജ്യത്തിന്‌ ഭീഷണിയാണെന്നും ചിദംബരം പറഞ്ഞു.

കേന്ദ്ര, സംസ്ഥാന പോലീസ് സേനകള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ തുകയനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick