ഹോം » പൊതുവാര്‍ത്ത » 

വ്യവസായ കൂട്ടാ‍യ്മ സംഘടിപ്പിക്കും – കുഞ്ഞാലിക്കുട്ടി

September 15, 2011

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപങ്ങളും വ്യവസായങ്ങളും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ‘എമര്‍ജിംഗ്‌ കേരള’ എന്ന പേരില്‍ വ്യവസായ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന്‌ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2012 ഏപ്രില്‍ 19,20,21 തീയതികളിലാവും ഈ വ്യവസായ കൂട്ടായ്‌മ നടക്കുക. കോണ്‍ഫെഡറേഷന്‍ ഒഫ്‌ ഇന്‍ഡസ്‌ട്രിയുടെ സഹകരണത്തോടെ വ്യവസായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

കേരളത്തില്‍ വ്യവസായത്തിന്‌ അനുകൂല സാഹചര്യമാണ്‌ ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രമുഖ കമ്പനിയായ വീഡിയോകോണ്‍ ഇവിടെ 200 കോടിയുടെ മുതല്‍മുടക്കിന്‌ തയ്യാറാണെന്ന്‌ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

വന്‍കിട സ്വകാര്യ ഭവന പദ്ധതികളില്‍ പാവപ്പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരും. പദ്ധതിയുടെ 25 ശതമാനം പാവപ്പെട്ടവര്‍ക്കായി നീക്കിവയ്ക്കാന്‍ നിയമനിര്‍മാണം നടത്തും. സംസ്ഥാനത്തെ റോഡുകളുടെ പ്രശ്നം ഗുരുതരമാണ്. ഇക്കാര്യം സര്‍ക്കാരിന് അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധവച്ചിട്ടുണ്ട്. മുന്നണിയിലും ക്യാബിനറ്റിലും ഇക്കാര്യം ചര്‍ച്ചചെയ്തു.

നഗരപ്രദേശങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതി തയാറാക്കും. പദ്ധതിക്കു തിരുവനന്തപുരത്തു തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick