തുടര്‍ച്ചയായ മഴ; കാര്‍ഷിക മേഖലയ്ക്ക്‌ തിരിച്ചടി

Thursday 15 September 2011 7:53 pm IST

കണ്ണൂറ്‍: കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിങ്ങ മാസത്തിലും തിമിര്‍ത്ത്‌ പെയ്യുന്ന മഴ കാര്‍ഷിക മേഖലയ്ക്ക്‌ കനത്ത തിരിച്ചടിയായി. കാര്‍ഷിക സമ്പദ്‌ വ്യവസ്ഥയെ ആശ്രയിച്ച്‌ ജീവിതം നയിക്കുന്ന മലയോര മേഖലയിലെ കര്‍ഷകര്‍ ഇതുകാരണം കടുത്ത ദുരിതത്തിലായി. സാധാരണ കര്‍ക്കടക മാസത്തിന്‌ ശേഷം മഴയുടെ ശക്തി കുറയാറായിരുന്നു പതിവ്‌. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി പെയ്യുന്ന മഴ നെല്ല്‌, കുരുമുളക്‌, റബ്ബര്‍ തുടങ്ങി ഒട്ടുമിക്ക കാര്‍ഷിക വിളകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്‌. നെല്ല്‌ കൊയ്തെടുക്കേണ്ട സമയത്താണ്‌ മഴ തിമിര്‍ത്ത്‌ പെയ്തിരിക്കുന്നത്‌. ഇത്‌ വിളഞ്ഞ നെല്‍ കതിരുകള്‍ കുത്തിയൊടിഞ്ഞ്‌ നശിക്കാനും വെള്ളത്തില്‍ മുങ്ങി നശിക്കാനും കാരണമായിരിക്കുകയാണ്‌. വരുംകാലത്തെ നെല്‍കൃഷിയെയടക്കം ബാധിക്കുന്ന സ്ഥിതിയാണ്‌. കാരണം വിത്ത്‌ ശേഖരിക്കേണ്ട സമയം കൂടിയായതിനാല്‍ ഉല്‍പ്പാദനം ഇല്ലാതാകുന്നത്‌ വരുംമാസങ്ങളില്‍ വിത്തിറക്കുന്നതിനെ ബാധിക്കും. കുരുമുളകാവട്ടെ വള്ളികള്‍ മൊട്ടുകള്‍ തളിര്‍ക്കേണ്ട സമയത്തെ മഴ തെഴപ്പ്‌ പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ്‌. മാത്രമല്ല ഉള്ളവ കൊഴിഞ്ഞ്‌ തീര്‍ന്നിരിക്കുകയാണ്‌. ഉയര്‍ന്ന വിലയുള്ള സമയത്ത്‌ കുരുമുളക്‌ ഉല്‍പ്പാദനം ഇല്ലാതാവുന്നത്‌ കുരുമുളക്‌ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി മാറിയിരിക്കുകയാണ്‌. ഉയര്‍ന്ന വിലയുള്ള റബ്ബറിണ്റ്റെ കാര്യത്തിലും തുടര്‍ച്ചയായ മഴ ഉല്‍പ്പന്നത്തെ ബാധിച്ചിരിക്കുകയാണ്‌. പതിവുപോലെ മഴക്കാലത്ത്‌ ടാപ്പിംഗ്‌ നടത്താനായി മരത്തിന്‌ റെയിന്‍കോട്ട്‌ പല റബ്ബര്‍ കര്‍ഷകരും ഇട്ടിരുന്നുവെങ്കിലും തുടര്‍ച്ചയായി പെയ്ത മഴ ടാപ്പിംഗിന്‌ തടസ്സമാവുകയും വന്‍സാമ്പത്തിക നഷ്ടത്തിന്‌ കാരണമാവുകയും ചെയ്തിരിക്കുകയാണ്‌. ഇത്‌ കര്‍ഷകരെയും ടാപ്പിംഗ്‌ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌. കൂടാതെ റബ്ബര്‍ മരങ്ങള്‍ക്ക്‌ വ്യാപകമായ ചീക്ക്‌ രോഗവും ബാധിച്ചിട്ടുണ്ട്‌. തുടര്‍ച്ചയായ മഴ കാരണം തെങ്ങുകളില്‍ കയറി തേങ്ങയിടാന്‍ സാധിക്കാത്തതിനാല്‍ പല തെങ്ങ്‌ തോട്ടങ്ങളിലും മാസങ്ങളായി തേങ്ങ പറിച്ചെടുക്കാത്ത അവസ്ഥയാണ്‌. ഇത്‌ നാട്ടിന്‍പുറങ്ങളില്‍ പോലും നാളികേരം ആവശ്യത്തിന്‌ കിട്ടാത്ത അവസ്ഥയുണ്ടാക്കുകയും വില കുത്തനെ ഉയരാനും കാരണമാക്കിയിട്ടുണ്ട്‌. കവുങ്ങുകളില്‍ അടക്കകള്‍ വ്യാപകമായി കൊഴിഞ്ഞ്‌ നശിച്ചത്‌ കാരണം കവുങ്ങ്‌ കര്‍ഷകരും ദുരിതത്തിലാണ്‌. പച്ചയടക്ക മാര്‍ക്കറ്റില്‍ എടുക്കാന്‍ തയ്യാറാവാത്തതും കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. മരച്ചീനി, ചേമ്പ്‌, ചേന, ഇഞ്ചി കൃഷികള്‍ക്കെല്ലാം തന്നെ വെള്ളം കാരണം കിഴങ്ങുകള്‍ ചീയുന്നതടക്കമുള്ള രോഗങ്ങളും പല മേഖലകളിലും പിടിപെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ അപൂര്‍വ്വം ചില കൃഷികള്‍ക്കൊഴികെ ഉപദ്രവകരമായി മാറിയിരിക്കുന്ന മഴ ഇപ്പോള്‍ മാത്രമല്ല വരും നാളുകളിലെ കര്‍ഷകരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുമെന്നുറപ്പായിരിക്കുകയാണ്‌